ഡോ.ഷഹനയുടെ ആത്മഹത്യ, അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവില്‍

തിരുവനന്തപുരം. യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവില്‍. കേസില്‍ പിതാവിനെയും പ്രതി ചേര്‍ക്കും. ഷഹനയുടെ ആത്മഹത്യയില്‍ ദേശീയ വനിതാ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷഹനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ് ആവശ്യപ്പെട്ടു.

റുവൈസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം പിതാവിലേക്കും നീളുമെന്ന സൂചനകളുണ്ടായിരുന്നു. ഇതോടെയാണ് കുടുംബം ഒളിവില്‍ പോയത്. വൈകാതെ റുവൈസിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഷഹനയുടെ സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഫോണിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ വേണം ഇനിയുള്ള അന്വേഷണമെന്ന് ഷഹനയുടെ സഹോദരന്‍ ആവശ്യപ്പെട്ടു.

വെഞ്ഞാറമൂട്ടിലെ ഷഹനയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ വൈകിയെങ്കില്‍ അക്കാര്യം താന്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും വലിയ തിന്മയാണ് സ്ത്രീധനം.

ഷഹനയുടെ ആത്മഹത്യയില്‍ ആശങ്കരേഖപ്പെടുത്തിയ ദേശീയ വനിതാ കമ്മീഷന്‍ അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. റുവൈസിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഷഹനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

Advertisement