പുത്തൻ മൺകലം, തൂശനിലയിൽ ഗണപതിയൊരുക്ക്..; ചക്കുളത്തുകാവ് ഭഗവതിക്ക് നാളെ കാർത്തികപ്പൊങ്കാല

എടത്വ: വൃശ്ചിക മാസത്തിലെ കാർത്തിക നാളായ നാളെ ചക്കുളത്തുകാവ് ഭഗവതിക്കു മുന്നിൽ ഭക്തിനിർഭരമായ പൊങ്കാല. അഞ്ച് ലക്ഷത്തിലേറെപ്പേർ ഇത്തവണ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്നു വൈകിട്ടോടെ ക്ഷേത്രാങ്കണവും വഴിത്താരകളും പൊങ്കാലയടുപ്പുകളാൽ നിറയും. ദേവിക്കു പൊങ്കാലയർപ്പിക്കാൻ വ്രതവിശുദ്ധമായ കാത്തിരിപ്പാണു പിന്നെ. ഇന്നു വൈകിട്ടു മുതൽ ക്ഷേത്രത്തിനുള്ളിൽ സ്ത്രീകൾക്കു മാത്രമാണു പ്രവേശനം.

നാളെ പുലർച്ചെ നാലിന് നിർമാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. തുടർന്നു ക്ഷേത്ര ശ്രീകോവിലിൽ നിന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്കു സമീപത്തെ ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാല ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.

9.30ന് ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മൂലബിംബം പണ്ടാരയടുപ്പിനു സമീപം എത്തിക്കും. തുടർന്ന് വിളിച്ചു ചൊല്ലി പ്രാർഥന. അതിനു ശേഷം അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുകയും വാർപ്പിലേക്ക് അരി പകരുകയും ചെയ്യും. ദേവീസ്തുതികളും നാമോച്ചാരണവും മുഴങ്ങുമ്പോൾ, നിരനിരയായുള്ള പൊങ്കാല അടുപ്പുകളിലേക്ക് ഒന്നൊന്നായി അഗ്നി പകർന്നെത്തും. ദേവിയുടെ അനുഗ്രഹവർഷമായി പൊങ്കാലക്കലങ്ങൾ തിളച്ചുതൂവുമ്പോൾ ഭക്തമാനസങ്ങൾക്കും സാഫല്യനിമിഷം. വായ്ക്കുരവയിട്ടു സ്ത്രീകൾ ദേവിയെ വാഴ്ത്തും. നിവേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.

കാർത്തിക സ്തംഭം കത്തിക്കൽ
വൈകിട്ട് 6.30 നാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ്. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസാണ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരുക. അതിനു മുന്നോടിയായി ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

ഗ്രീൻ പ്രോട്ടോക്കോൾ
പ്ലാസ്റ്റിക്മുക്തമായിരിക്കും ചടങ്ങുകളെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പ്ലാസ്റ്റിക് കവറുകളും കുപ്പികളും മറ്റുമായി വരികയോ വഴിയിലും പൊങ്കാല സ്ഥലത്തും ഉപേക്ഷിക്കുകയോ ചെയ്യരുത്. മാലിന്യം തള്ളാൻ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഓല കൊണ്ടുള്ള വല്ലം പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഭക്തജനങ്ങളെ സഹായിക്കാൻ 1000 സന്നദ്ധപ്രവർത്തകർ ഉണ്ടാകും. താൽക്കാലിക ശുചിമുറികളും ഒരുക്കി. പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പെടെ സേവനത്തിനു രംഗത്തുണ്ട്.

പുത്തൻ മൺകലം, തൂശനിലയിൽ ഗണപതിയൊരുക്ക്
മൂന്നു ചുടുകട്ടകൾ കൊണ്ട് അടുപ്പു കൂട്ടി അതിനു മുകളിൽ പുത്തൻ മൺകലം വച്ചാണു ഭക്തർ പൊങ്കാലയ്ക്കൊരുക്കുക. കിഴക്കു പടിഞ്ഞാറു ദിക്കിലായി തിരിയിട്ട് നിലവിളക്കും അതിനു മുന്നിൽ തൂശനിലയിൽ ഗണപതിയൊരുക്കും. അടയ്ക്കയും മൂന്ന് വെറ്റിലയും ചേർത്തു ദക്ഷിണയും ഇലയിൽ വയ്ക്കും. ഉണക്കലരിയിട്ട് വെന്തുപതഞ്ഞുയരുന്ന നിവേദ്യത്തിൽ ശർക്കര, നെയ്യ്, കദളിപ്പഴം, കൽക്കണ്ടം, മുന്തിരി, തേങ്ങ ചിരകിയത് എന്നിവ കൂടി ചേർത്താണു ഭക്തർ പൊങ്കാല തയാറാക്കുന്നത്. അടയും കൊഴുക്കട്ടയും മോദകവുമെല്ലാം ഒരുക്കുന്നവരുമുണ്ട്. 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പൊങ്കാല ഇടാം.

വാഹന പാർക്കിങ്സൗകര്യം
തിരുവനന്തപുരം, കൊല്ലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈത‍ാനം, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കോട്ടയം, തൃശൂർ, പുനല‍ൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ജല അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി ഏയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. വിവിധ ഡിപ്പോകളിൽ നിന്നു കെഎസ്ആർടിസി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Advertisement