വന്ദേ ഭാരത് വന്നതോടെ കെ റെയിലിന്റെ ആവശ്യം ജനം തിരിച്ചറിഞ്ഞു, എതിർപ്പ് തുടരുന്നത് ദുരഭിമാനം മൂലം: മുഖ്യമന്ത്രി

Advertisement

തളിപ്പറമ്പ്: സിൽവർ ലൈൻ പദ്ധതിക്ക് കേരളത്തിൽ എതിർപ്പ് തുടരുന്നത് ദുരഭിമാനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരഭിമാനത്തെ തുടർന്ന് പഴയ അവസ്ഥയിൽ കെട്ടിയിട്ട നിലയിലാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർത്തവരെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പൂർണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കെ-റെയിൽ വരില്ലെന്ന് ബിജെപി നേതാവ് പറയുന്നത് കേട്ടു. എന്നാൽ ഇന്ത്യയിൽ ഏറ്റവും അധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തിൽ സർവീസ് നടത്തുന്നത്. വന്ദേ ഭാരത് വന്നതോടെ കെ-റെയിൽ പദ്ധതിയുടെ ആവശ്യകത നാട്ടുകാർ തിരിച്ചറിഞ്ഞു. വന്ദേ ഭാരത് സർവീസിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ട്രെയിനുകൾ വേഗത്തിലോടാൻ റെയിൽവേ അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. എന്നാൽ അതിന് കാലങ്ങൾ ആവശ്യമായി വരും. അത്രയും കാലം ജനം കാത്തിരിക്കേണ്ടി വരും. അത് യാഥാർത്ഥ്യമായാൽ ടിക്കറ്റിന് കൂടുതൽ പണം ആവശ്യമായി വരും. അവിടെയാണ് പുതിയ ട്രാക്കിന്റെ ആവശ്യം. ആ ബോധം കൂടുതൽ ആളുകൾക്ക് വരുന്നുണ്ട്. എന്നാൽ പഴയ നിലപാടിലെ ദുരഭിമാനം മൂലം പഴയ അവസ്ഥയിൽ കെട്ടിയിട്ട നിലയിലാണ് കെ റെയിലിനെ എതിർത്തവർ. ദുരഭിമാനം മൂലമാണ് എതിർപ്പ് തുടരുന്നത്. ഏത് പേരിട്ടാലും സംസ്ഥാനത്ത് അതിവേഗ റെയിൽപാത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement