ജനങ്ങൾക്ക് ഇടിത്തീ; സപ്ലൈക്കോ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കും: 13 അവശ്യ സാധനങ്ങൾ പട്ടികയിൽ

തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി. ഏഴു വർഷത്തിനുശേഷമാണ് വില വർധന.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് മുന്നണി അനുവാദം നൽകി. മന്ത്രി ജി.ആർ.അനിലും ഇടതു മുന്നണി യോഗത്തിൽ പങ്കെടുത്തു. സപ്ലൈക്കോ നേരിടുന്ന പ്രതിസന്ധി മന്ത്രി യോഗത്തിൽ വിശദീകരിച്ചു.

വിലക്കയറ്റം പിടിച്ചുനിർത്താനെന്ന പേരിൽ ഏഴു വർഷമായി ഒരേ വിലയ്ക്കു വിൽപന നടത്തുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു സപ്ലൈകോയുടെ വാദം. 500 കോടി രൂപയുടെ സഹായം ഉടനടി ലഭിക്കാതെ തൽക്കാലം പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ അധികൃതർ ചർച്ചകളിൽ സർക്കാരിനെ അറിയിച്ചിരുന്നു. 11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. കോവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടും.

600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ള നിലവിലെ കുടിശിക. വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ പലതും സ്റ്റോക്കില്ല.

സാധനങ്ങൾ സ്റ്റോക്കില്ലാതായതോടെ, സപ്ലൈകോ വിൽപനശാലകളിലൂടെ ഒൻപതു മുതൽ 10 കോടി രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ നാല് കോടി രൂപയിൽ താഴെയായി. കഴിഞ്ഞ ഓണക്കാലത്ത് സ്പോൺസേർഡ് രീതിയിൽ പ്രത്യേക ഓണച്ചന്തകൾ നടത്തിയപ്പോൾ മാത്രമാണു വരുമാനം ഉയർന്നത്. റേഷൻ കാർഡുകൾ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 35 മുതൽ 45 ലക്ഷം പേരാണ് മുൻപു സബ്സിഡി സാധനങ്ങൾ വാങ്ങിയിരുന്നത്. ഇതിനു പുറമേ ശബരി ബ്രാൻഡിലുള്ളത് ഉൾപ്പെടെ തേയില, കാപ്പിപ്പൊടി, മല്ലിപ്പൊടി, വറ്റൽ മുളകുപൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, കുരുമുളക്, ചിക്കൻ മസാല, ഗരം മസാല, ഫിഷ് മസാല, സാമ്പാർപ്പൊടി, രസംപൊടി, കടുക്, കായം, പെരുംജീരകം, ജീരകം, ഉലുവ തുടങ്ങിയവയും വില കുറച്ചു നൽകുന്നുണ്ട്.

Advertisement