പിടിയിലായ മാവോയിസ്റ്റുകളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,മുദ്രാവാക്യം മുഴക്കി മാവോയിസ്റ്റുകള്‍

വയനാട്. പേരിയ ചപ്പാരം കോളനിയില്‍ നിന്ന് പിടിയിലായ മാവോയിസ്റ്റുകള്‍ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. രക്ഷപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞതായും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കുമ്പോഴും എസ്പി ഓഫീസിലേക്ക് കൊണ്ടുവന്നപ്പോഴും ചന്ദ്രവും ഉണ്ണിമായയും ഉയര്‍ത്തിയത് മാവോയിസ്റ്റ് അനൂകൂല മുദ്രാവാക്യം. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട മാവോയിസ്റ്റുകളെ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പിടിയിലായത് ഇന്നലെ രാത്രിയില്‍. ചപ്പാരം കോളനിയിലെ അനീഷിന്‍റെ വീട്ടിലേക്കാണ് മൂന്ന് സ്ത്രീകളും ഒരു പുരഷനുമടങ്ങുന്ന സായുധമാവോയിസ്റ്റ് സംഘം എത്തിയത്. രാത്രി പത്ത് മണിക്ക് ശേഷം തണ്ടര്‍ബോള്‍ട്ട് സംഘത്തിന് പിടികൂടാനായത് ചന്ദ്രുവിനെയും ഉണ്ണിമായയെയും. മറ്റുരണ്ട് പേര്‍ പിറകിലെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ സുന്ദരി എന്ന് പേരുള്ള മാവോയിസ്റ്റ് എന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചുവെടിവച്ചു. കൊയിലാണ്ടിയില്‍ പിടിയിലായ അനീഷ് ബാബുവിന് മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്നും എഡിജിപി

സിപിഐ മാവോയിസ്റ്റ് ബാണാസുര ദളത്തിന്‍റെ ഭാഗമായ പ്രവര്‍ത്തകരാണ് ചപ്പാരംകോളനിയിലെത്തിയത്. പിടിയിലായ ചന്ദ്രു ഈ ഗ്രൂപ്പിന്‍റെ കമാന്‍ഡറാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സുന്ദരിക്കൊപ്പം രക്ഷപ്പെട്ടയാള്‍ ലതയാണെന്നും സൂചനയുണ്ട്. ഇവരെല്ലാവരും കര്‍ണാടക സ്വദേശികളാണ്. കൊയിലാണ്ടിയില്‍ നിന്ന് പിടിയിലായ അനീഷ് ബാബു തിരുനെല്‍വേലി സ്വദേശിയാണ്. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കുന്നവരില്‍ ഒരാള്‍ ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്

Advertisement