രാത്രി ഹോട്ടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധമായി നൈറ്റ് മാർച്ച്,നഗരസഭ കൗൺസിൽ യോഗം ഇന്ന്

കൊച്ചി.തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രോഗ്രസ്സിവ് ടെക്കികൾ. രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധമായി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.നഗര സഭ കൗൺസിൽ യോഗം ഇന്ന്

അനേകായിരങ്ങൾ രാത്രിയും പകലുമായി ജോലി ചെയ്യുന്ന കേരളത്തിലെ ഐടി മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി ഇൻഫോപാർക്ക്‌. പകലും രാത്രിയിലുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് രാത്രിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെയാണ്. രാത്രിയിൽ ഹോട്ടലുകൾക്ക് പ്രവർത്തിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ ഐടി മേഖലയുടെ സുഗമമായ പ്രവർത്തനത്തെയാണ് തടസപ്പെടുത്തുന്നത്. ഇതിനെതിരെയാണ് തൃക്കാക്കര നഗരസഭക്കെതിരെ നൈറ്റ് മാർച്ചും പ്രതിഷേധവും നടത്തിയത്.

അതേസമയം തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്കാണ് യോഗം. നഗരസഭയിൽ അസ്സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം.
നഗരസഭയും പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്. വ്യാപാരികളുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകും.

ലഹരിയുടെ ഉപയോഗം തടയുന്നതിനായി രാത്രി 11 മണിക്ക് ശേഷം തൃക്കാക്കര നഗരസഭ പരിധിയിലെ കടകളെല്ലാം പൂർണമായും അടച്ചടണം എന്നാണ് നഗരസഭയുടെ തീരുമാനം.ഇതിനെതിരെ ഹോട്ടൽ ജീവനക്കാരുടെ ഇടയിൽ നിന്നും വലിയ പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്.

Advertisement