പത്തനംതിട്ട: പാർട്ടി പിരിവ് നൽകാത്തതിന് സിപിഐ പ്രവർത്തകർ തട്ടുകട അടിച്ചുതകർത്തതായി പരാതി. തിരുവല്ല മന്നംകരചിറയിൽ പ്രവർത്തിക്കുന്ന ശ്രീ മുരുകൻ തട്ടുകടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആറുമാസം മുമ്പ് 500 രൂപ പിരിവ് ചോദിച്ചപ്പോൾ നൽകിയില്ലെന്നതിന്റെ വിരോധത്താലാണ് കട അടിച്ചുതകർത്തതെന്ന് കടയുടമകളായ മുരുകനും ഭാര്യ ഉഷയും ആരോപിക്കുന്നു.

സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കട തകർത്തതെന്ന് ദമ്ബതികളുടെ പരാതിയിൽ പറയുന്നു. പോലീസിൽ നൽകിയ പരാതി ഇവർ നിർബന്ധിപ്പിച്ച്‌ പിൻവലിപ്പിച്ചതായും ദമ്ബതികൾ ആരോപിക്കുന്നു. വരുത്തരായതിനാൽ പിരിവ് നൽകാതെ സ്ഥലത്ത് ജീവിക്കാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ കടയുടമകളാണ് ആദ്യം ആക്രമിച്ചതെന്നും ഇതേ തുടർന്നുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു നടന്നതെന്നാണ് കുഞ്ഞുമോൻ പ്രതികരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെയാണ് തട്ടുകടയ്ക്ക് നേരേ ആക്രമണമുണ്ടായത്. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രവർത്തകർ വീണ്ടും എത്തിയിരുന്നു. എന്നാൽ ഇവർ വീണ്ടും പിരിവ് നൽകാൻ വിസമ്മതിച്ചതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. മുൻവൈരാഗ്യം മൂലം പാർട്ടി പ്രവർത്തകർ അസഭ്യം വിളിച്ചതായും ദമ്പതികൾ പറയുന്നു.
അതേസമയം, കട നടത്തുന്ന ഉഷ ചട്ടുകം കൊണ്ട് അടിച്ചതായും തനിക്ക് നേരെ തിളച്ച എണ്ണയൊഴിച്ച്‌ പൊള്ളലേൽപ്പിച്ചെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കുഞ്ഞുമോൻ പ്രതികരിച്ചു.

‘പാർട്ടിയുടെ പ്രവർത്തന ഫണ്ട് പിരിക്കാൻ പോയിരുന്നു. അവരുടെ കൈയിലുള്ളത് മതിയെന്നാണ് പറഞ്ഞത്. ഇത്ര രൂപ വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല. അവർ നൽകിയ 250 രൂപയ്ക്കുള്ള രസീതും കൊടുത്തു. എന്നാൽ കട നടത്തിപ്പുകാരിയായ സ്ത്രീ അനാവശ്യം പറയാൻ തുടങ്ങിയതോടെ ഞങ്ങളും ചൂടായി. കഴിഞ്ഞ ദിവസം തട്ടുകടയുടെ അടുത്തുള്ള ഒരു കോൺട്രാക്ടർ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പുസ്തകം നൽകാമെന്ന് പറഞ്ഞിരുന്നു. ഇത് വാങ്ങാനായി അവിടെ ചെന്നപ്പോൾ കട നടത്തിപ്പുകാരി കളിയാക്കാൻ തുടങ്ങി. പഴയ വല്ല വൈരാഗ്യവുമുണ്ടെങ്കിൽ അത് മനസിൽ വെച്ചേക്കണേയെന്ന് പറഞ്ഞു. വൈരാഗ്യമുണ്ടെന്ന് പറഞ്ഞ അവർ തിളച്ച എണ്ണ ഒഴിച്ച്‌ പൊള്ളലേൽപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ പ്രതികരിച്ചത്.’ -കുഞ്ഞുമോൻ പറഞ്ഞു.

വിഷയം ഗൗരവമായാണ് കാണുന്നതെന്ന് സിപിഐ ജില്ലാ നേതൃത്വ0 പ്രതികരിച്ചു. സമ്മേളന0 നടക്കുന്ന സമയമായതിനാൽ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും അത്തരമൊരു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വ0 അറിയിച്ചു.