സിപിഎമ്മിലെ വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ്, എംഎം ലോറൻസിന്റെ ആത്‌മകഥ

തിരുവനന്തപുരം.സിപിഎമ്മിലെ വിഭാഗീയതയുടെ തുടക്കക്കാരൻ വി.എസ് അച്യുതാനന്ദൻ എന്ന ഗുരുതര വെളിപ്പെടുത്തലുമായി എം.എം ലോറൻസിന്റെ ആത്‌മകഥ.വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ നിയോഗിച്ചെന്നും എം.എം.ലോറന്‍സ് ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നു.സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് എ.കെ.ജി സെന്‍ററിലെ ഇ.എം.എസിന്‍റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്.ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥ നാളെയാണ് പുറത്തിറങ്ങുന്നത്.

പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ട സി.ഐ.ടി.യു പക്ഷത്തിലെ പ്രമുഖനായിരുന്ന ലോറന്‍സ് വി.എസിനോടുള്ള എതിർപ്പടക്കം
തുറന്നു പറയുകയാണ് ആത്മകഥയിലെ വിഭാഗീയത എന്ന അധ്യായത്തില്‍.സി.പി.ഐ, നക്സലൈറ്റ് ആശയഭിന്നിപ്പുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്ന് എം.എം ലോറന്‍സ് പറയുന്നു.അച്യുതാനന്ദന്‍, എ.പി.വര്‍ക്കിയെ വിഭാഗീയത ഉണ്ടാക്കാനുപയോഗിച്ചു.പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റുചിലരെയും ഉപയോഗിച്ചു.ഇക്കാര്യം ഒരിക്കല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ.കെ.നായനാര്‍ തുറന്നുപറഞ്ഞു.അക്കാലത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന ജനറല്‍ സെക്രട്ടറി ഇ.എം.എസ് എന്നും എ.കെ.ജി സെന്‍ററില്‍ എത്തിയിരുന്നത് വി.എസ്.അച്യുതാനന്ദന് ബുദ്ധിമുട്ടുണ്ടാക്കി.
തന്‍റെ അപ്രമാദിത്വം ഇടിഞ്ഞാലോ എന്നായിരുന്നു വി.എസിന്‍റെ ആശങ്ക. കോഴിക്കോട് സമ്മേളനത്തില്‍ സൂര്യന് ചൂടും പ്രകാശവും കുറഞ്ഞ് കരിക്കട്ടയാകുന്നതുപോലെ ഇ.എം.എസും ആകും എന്ന് ഒരംഗം പ്രസംഗിച്ചു എന്ന് ലോറന്‍സ് വെളിപ്പെടുത്തുന്നു.തുടര്‍ന്നാണ് ഇവര്‍ ഇ.എം.എസിനെ കറുത്തസൂര്യന്‍ എന്ന് വിളിച്ചുതുടങ്ങിയതും പാര്‍ട്ടിയില്‍ പക്ഷം ഉടലെടുത്തതും.കോഴിക്കോട് സമ്മേളനത്തില്‍ വി.എസിനെ വോട്ടെടുപ്പില്‍ നായനാര്‍ തോല്‍പ്പിച്ചതിന്‍റെ ഉള്ളുകളികളും ലോറന്‍സ് തുറന്നു പറയുന്നു. കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാന്‍ വി.എസ് കരുക്കള്‍ നീക്കി.കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു.അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചു.മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചതെന്നും ലോറൻസ് തുറന്നടിക്കുന്നു.

Advertisement