കുപ്പത്തൊട്ടിയിൽ മോഷണം പോയ സ്വർണം, കണ്ടെത്തിയത് വീട്ടുജോലിക്കാരി; ട്വിസ്റ്റ്, ‘നല്ലവളായ ഉണ്ണി’ തന്നെ പ്രതി !

മലപ്പുറം: മഞ്ചേരി അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 20 പവൻ സ്വർണം മോഷണം പോയി മൂന്നാം നാൾ കുപ്പത്തൊട്ടിയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. വീട്ടുവേലക്കാരിയായ മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) പിടിയിലായി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെ വി നന്ദകുമാറിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഇന്ദിര വീട് വൃത്തിയാക്കി മടങ്ങിയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസിനെ അറിയിച്ചത്.

മൂന്നാം നാൾ ആഭരണങ്ങൾ അതേ വീടിന്റെ പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്ന് ഇന്ദിരയാണ് ‘കണ്ടെത്തി’യത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് മഴ പെയ്തിരുന്നു. എന്നാൽ കണ്ടെത്തിയ ആഭരണങ്ങൾ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാൽ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വർണം ഇവിടെ കൊണ്ടിട്ടതെന്ന നിഗമനത്തിൽ പൊലീസ് എത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോലിക്കാരി തന്നെ അറസ്റ്റിലായത്. കമ്മൽ, മോതിരം എന്നിവ അടങ്ങിയ കുറച്ച് സ്വർണം ഇവർ മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇന്ദിര കുറ്റസമ്മതം നടത്തിയത്. വലിച്ചെറിഞ്ഞ സ്വർണവും പൊലീസ് കണ്ടെടുത്തു.

മോഷണം പോയ 20 പവൻ സ്വർണം മൂന്നാം ദിവസം വീട്ടിലെ കുപ്പത്തൊട്ടിയിൽ, കിട്ടിയത് വീട്ടുജോലിക്കാരിക്ക്, വൻ ട്വിസ്റ്റ്
കിടപ്പുമുറിയിലെ അലമാരയിൽ ബോക്‌സിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 20 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. ശനിയാഴ്ച സ്വർണം എടുത്തിരുന്നെങ്കിലും വീട്ടിൽ കൊണ്ടുപോയില്ലെന്ന് ഇന്ദിര മൊഴി നൽകി. മറ്റൊരു സ്ഥലത്ത് മാറ്റിവെച്ചു. പിന്നീട് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം ശക്തമായതോടെ ഭയന്ന് സ്വർണം വീട്ടിന് പിറകിൽ കൊണ്ടിടുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി ഇന്ദിര ഈ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടുകാർ ജോലിക്ക് പോകുമ്പോൾ താക്കോൽ വീടിന് അടുത്തുതന്നെ വെക്കാറായിരുന്നു പതിവ്. പിന്നീട് ഇന്ദിരയെത്തി വീട്ടിലെ ജോലികൾ ചെയ്തതിനു ശേഷം വീട് പൂട്ടി മടങ്ങുകയും ചെയ്യും. ഈ വിശ്വാസം മുതലെടുത്താണ് മോഷണം നടത്തിയത്. ഇന്ദിരയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement