‘കേരളീയം ധൂർത്ത്’; സർക്കാർ മനസാക്ഷിയില്ലാതെ കോടികൾ ചെലവിടുന്നുവെന്ന് വി ഡി സതീശൻ

കൊച്ചി: കേരളീയം ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനസാക്ഷി ഇല്ലാതെ സർക്കാർ കോടികൾ ചെലവിടുന്നുവെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നൽകാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ പറയുന്നു. സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. അന്തിയുറങ്ങാൻ ഒരു കിടപ്പാടം ഇല്ലാതെ ലക്ഷങ്ങൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ അവരെ പരി​ഗണിക്കാതെ നടത്തുന്ന ഈ ധൂർത്തിനെ എന്ത് പേരിട്ട് വിളിക്കുമെന്നും സതീശൻ ചോദിച്ചു.

Advertisement