വരിതെറ്റിച്ച കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു; ലോറി ഡ്രൈവറും ക്ലീനറും ബൈക്ക് യാത്രികനും പിടിയിൽ – വിഡിയോ

തൃശൂർ: ഒല്ലൂർ സെന്ററിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ലോറി ഡ്രൈവർ മർഷൂദ്, ക്ലീനർ മിന്ന, ബൈക്ക് യാത്രികൻ വിജിത്ത് എന്നിവരെയാണ് ഒല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഘർഷത്തിനിടെ ബസ് ഡ്രൈവർക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റിരുന്നു. ഗതാഗതക്കുരുക്കിൽ ബസ് ക്രമംതെറ്റിച്ചതാണ് പ്രകോപനത്തിനു കാരണമായത്. ആക്രമണത്തില് ‍പരുക്കേറ്റ ബസ് ഡ്രൈവർ തൊടുപുഴ സ്വദേശി അബ്ദുൽ ഷുക്കൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആക്രമിച്ചവരിൽ ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസിനു വിവരം ലഭിച്ചു.

പള്ളിത്തിരുനാളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഒല്ലൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഇവിടെ രൂപപ്പെട്ട ഗതാഗതക്കുരുക്കിനിടെ കെഎസ്ആർടിസി ബസ് ക്രമംതെറ്റിച്ച് മുന്നോട്ടെടുത്തതാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായത്.

ബൈക്കിലെത്തിയ വിജിത്താണ് ആദ്യം വാഹനം നിർത്തി ഡ്രൈവറോടു കയർത്തത്. ഇതിനു പിന്നാലെയെത്തിയ ലോറിയുടെ ഡ്രൈവറും ക്ലീനറും വിജിത്തിനൊപ്പം ചേർന്ന് ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. മൂവരും ബസിന്റെ ഡ്രൈവർ സീറ്റിനു സമീപം ചെന്ന് അബ്ദുൽ ഷുക്കൂറുമായി തർക്കിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ വിജിത്ത് ഹെൽമറ്റ് ഉപയോഗിച്ച് ഡ്രൈവറെ മർദ്ദിക്കുന്നതും കാണാം.

തർക്കം രൂക്ഷമായതോടെ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങി. അപ്പോഴേയ്ക്കും വിജിത്ത് ബൈക്ക് ഓടിച്ച് ഇവിടെനിന്നു പോയെങ്കിലും, ലോറിയുടെ ക്ലീനറും ഡ്രൈവറും ചേർന്ന് അബ്ദുൽ ഷുക്കൂറിനെ വീണ്ടും മർദ്ദിച്ചു. മുഖത്ത് ഇടിയേറ്റ ഷുക്കൂർ മുഖംപൊത്തി ബസിൽ ചാരിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ മൂക്കിന് ഗുരുതര പരുക്കുള്ളതായാണ് വിവരം. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷുക്കൂറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.

Advertisement