ജിഎസ്ടി റജിസ്ട്രേഷൻ 2018ൽ, 2017 മുതൽ മാസപ്പടി വാങ്ങി; വീണ നികുതി അടച്ചതെങ്ങനെയെന്ന് കുഴൽനാടൻ

കൊച്ചി; മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ, മാത്യു കുഴൽനാടൻ എംഎൽഎ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി നൽകിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പല മാധ്യമങ്ങൾക്കും കത്തിന്റെ പകർപ്പ് ലഭിച്ചു. ആരോപണവിധേയമായ 1.72 കോടി രൂപയ്‌ക്കാണ് നികുതി അടച്ചതെന്ന് കത്തിൽ എവിടെയാണ് പറ‍ഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

‘എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല. മാസപ്പടി/ ജിഎസ്ടി വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുന്നു’ എന്ന് സമൂഹമാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിച്ചാണ് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിന് എത്തിയത്. വാർത്താ സമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ തൽസമയം പരിശോധിക്കണമെന്ന് താൽപര്യമുള്ളവർക്കായി അതുമായി ബന്ധപ്പെട്ട രേഖകളും കുഴൽനാടൻ മുൻകൂട്ടി പുറത്തുവിട്ടിരുന്നു.

വീണാ വിജയന്റെ ജിഎസ്ടി റജിസ്ട്രേഷൻ രേഖകളും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിനായി കൊണ്ടുവന്നിരുന്നു. ‘വീണാ വിജയൻ 2018 ജനുവരി ഒന്നിനാണ് ജിഎസ്ടി റജിസ്ട്രേഷനെടുത്തിരിക്കുന്നത്. എന്നാൽ 2017 ജനുവരി ഒന്നു മുതൽ വീണ പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിന് ജിഎസ്ടി റജിസ്ട്രേഷനില്ലാതെ നികുതി അടയ്ക്കാൻ പറ്റുമോ? അതിന്റെ ജിഎസ്ടി എങ്ങനെ ഒടുക്കും? വീണാ വിജയന് മാത്രമായി ജിഎസ്ടി എടുക്കുന്നതിനു മുൻപ് നികുതി അടയ്‌ക്കാൻ സംവിധാനമുണ്ടായിരുന്നോ എന്ന് ധനമന്ത്രി വ്യക്തമാക്കണം.’ – മാത്യു കുഴൽനാടൻ പറഞ്ഞു.

ധനവകുപ്പിന്റെ മറുപടി കത്തല്ല, ക്യാപ്സ്യൂളാണെന്ന് മാത്യു കുഴൽനാടൻ പരിഹസിച്ചു. പിണറായി വിജയന്റെ കുടുംബം കൊള്ള നടത്തുമ്പോൾ അതിനു കവചം തീർക്കാനുള്ള ക്യാപ്‌സ്യൂളാണിത്. ഈ വിഷയം വഴിതിരിച്ചു വിടാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയാണോ അതോ മാത്യു കുഴൽനാടനാണോ മാപ്പ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മാസപ്പടി വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽനിന്ന് ‌ഒളിച്ചോടില്ലെന്ന് കുഴൽനാടൻ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. വീണാ വിജയൻ വാങ്ങിയത് അഴിമതിപ്പണമാണെന്നതാണ് പ്രധാന ചർച്ചാവിഷയമെന്നും അതിൽനിന്നും ശ്രദ്ധ മാറ്റരുതെന്നും അഭ്യർഥിക്കുകയും ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയ സാഹചര്യത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാെമന്നു നേരത്തെ തന്നെ കുഴൽനാടനോടു പറഞ്ഞതാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.

Advertisement