ഉദ്ഘാടനത്തിന് എത്തിയത് 20 പേർ; പ്രകോപിതനായി വേദി വിട്ട് എം.എം. മണി

തൊടുപുഴ (ഇടുക്കി): ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദിവിട്ട് എം.എം. മണി. മണിയുടെ നാവ് നേരെയാകുവാൻ പ്രർഥനാ യജ്ഞം സംഘടിപിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം. പരിപാടി നേരത്തെ തുടങ്ങിയതിനാലാണ് ആളുകൾ കുറഞ്ഞതെന്ന് മിനി പ്രിൻസ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പുതിയ ഓപ്പൺസ്റ്റേജിന്റെയും കേരളോത്സവം സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിനാണ് മണി കൂടാറിൽ എത്തിയത്. ഉദ്ഘാടന സമ്മേളനത്തിന് 20 പേർ മാത്രം എത്തിയത് മണിയെ പ്രകോപിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ ഇക്കാര്യത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നു വേദിയിലിരുന്ന മിനി പ്രിൻസിനോടു മണി പറഞ്ഞു. അത്യവശ്യമുള്ളതിനാൽ പോകുകയാണെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തി എന്നു വരുത്തി എം.എം. മണി വേദിവിട്ടു. ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിർക്കുമെന്നും മണി പറഞ്ഞു.

അതേസമയം എം.എം. മണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിപാടി നേരത്തെ നടത്തിയതെന്നും ഇതിനാലാണ് ആളു കുറഞ്ഞതെന്നുമാണു സംഘാടകരുടെ പ്രതികരണം. ആറു മണിക്കു തീരുമാനിച്ച പരിപാടി അഞ്ചേകാലിനു തുടങ്ങേണ്ടി വന്നാൽ ആളുകൾ ഉണ്ടാകുമോ എന്നാണു പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസിന്റെ ചോദ്യം. ഇത് സംഘാടകരുടെ വീഴ്ചയല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു.

Advertisement