കലോത്സവം 10നു മുൻപ് പൂർത്തിയാക്കണമെന്ന് 10ന് സർക്കുലർ !

തിരുവനന്തപുരം:∙ ഈ അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 10നു മുൻപ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 10ന് സർക്കുലർ ഇറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തി ഇന്നലെ ഇറക്കിയ സർക്കുലറിലാണ് ഒരു ദിവസം മുൻപ് കലോത്സവങ്ങൾ പൂർത്തിയാക്കണമെന്ന അത്യപൂർവ നിർദേശം.

സബ് ജില്ലാതല മത്സരങ്ങൾ ഈ മാസവും ജില്ലാ തല മത്സരങ്ങൾ അടുത്ത മാസവും പൂർത്തിയാക്കണം. ജനുവരി 4–8 വരെ കൊല്ലത്തു വച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം. ഒട്ടേറെ സ്കൂളുകളിൽ കലോത്സവം ഇനിയും നടക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. സബ്ജില്ലാ കലോത്സവം ഈ മാസം പൂർത്തിയാക്കേണ്ടതിനാൽ വരുംദിവസങ്ങളിൽ തന്നെ ഈ സ്കൂളുകൾ കലോത്സവം നടത്തണം. സബ്ജില്ലാ മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ 20ന് ആരംഭിക്കും.

സബ് ജില്ലാ, ജില്ലാതല കലോത്സവങ്ങളിൽ ലഭിക്കുന്ന അപ്പീൽ നിരസിക്കുമ്പോൾ വ്യക്തമായ കാരണം കൂടി വിശദീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കാര്യകാരണങ്ങൾ വിദ്യാർഥിയോട് നേരിട്ട് വിശദമാക്കണം. വിഡിയോ റെക്കോർഡിങ്ങും അവരെ കാണിക്കണം.

പരാതികൾക്ക് ഇടവരാത്ത തരത്തിൽ വിധികർത്താക്കളെ തിരഞ്ഞെടുക്കണമെന്നും ജില്ലാതല മത്സരങ്ങൾക്കുള്ള വിധികർത്താക്കളുടെ പട്ടിക ഡയറക്ടറേറ്റിൽ നൽകി അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. പൊതുമത്സരത്തിൽ ഒരു വിദ്യാർഥിക്ക് വ്യക്തിഗത മത്സരങ്ങളിൽ 3 ഇനങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിൽ 2 ഇനങ്ങളിലും മത്സരിക്കാം. സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയിലും ഈ രീതി തന്നെ പിന്തുടരും.

Advertisement

1 COMMENT

Comments are closed.