നീറ്റ് പരീക്ഷാർഥികളെ ശ്രദ്ധിക്കുവിൻ; ടെൻഷൻ വേണ്ടാ, ആ സർക്കുലർ വ്യാജം

ന്യൂഡൽഹി: നീറ്റ് പരീക്ഷക്കാലം എക്കാലവും വിവാദങ്ങളുടെ സമയമാണ്. ഏറെ വ്യാജ പ്രചാരണങ്ങളും വാർത്തകളും ഈ സമയം പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു വ്യാജ സർക്കുലർ നീറ്റ് പരീക്ഷയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ, പ്രത്യേകിച്ച് വാട്‌സ്‌ആപ്പിൽ സജീവമായിരിക്കുകയാണ്.

നീറ്റ് യുജി 2024 പരീക്ഷയുടെ സിലബസ് വെട്ടിക്കുറച്ചു എന്നാണ് പ്രചാരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പേരിലാണ് ഈ വ്യാജ സർക്കുലർ പ്രചരിക്കുന്നത്.

26-08-2023ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയ സർക്കുലർ എന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പല സംസ്ഥാന ബോർഡുകളും സിലബസുകൾ കുറച്ചതിനാൽ നീറ്റ് പരീക്ഷയ്‌ക്കുള്ള സിലിബസിലെ വിഷയങ്ങളും ചുരുക്കിയിരിക്കുകയാണ് എന്ന് സർക്കുലറിൽ പറയുന്നു. വരാനിരിക്കുന്ന നീറ്റ് 2024 യുജി പരീക്ഷ പുതുക്കിയ എൻസിആർടി സിലബസ് പ്രകാരമായിരിക്കും. ഈ വർഷം മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് 25-ാം തിയതി കേന്ദ്ര ആരോഗ്യ മന്ത്രാലയവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും ദേശീയ മെഡിക്കൽ കമ്മീഷനും ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. നീറ്റ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം ഗൗരവത്തോടെ കാണണം എന്നും സർക്കുലറിൽ പറയുന്നു.

എന്നാൽ നീറ്റ് യുജി പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്തിയതായി ഒരു സർക്കുലറും ദേശീയ ടെസ്റ്റ് ഏജൻസി പുറത്തിറക്കിയിട്ടില്ല. സിലബസ് മാറ്റം സംബന്ധിച്ച് ഒരു സർക്കുലറും അവരുടെ വെബ്‌സൈറ്റിൽ കണ്ടെത്താൻ സാധിച്ചില്ല. ആരോഗ്യ മന്ത്രാലയത്തിൻറെയും, ദേശീയ മെഡിക്കൽ കമ്മീഷൻറേയും വെബ്‌സൈറ്റുകളിലും സർക്കുലറുകളൊന്നും ഇക്കാര്യം പറഞ്ഞുകൊണ്ടില്ല. മാത്രമല്ല, ഇപ്പോൾ പ്രചരിക്കുന്ന സർക്കുലറിൽ നിരവധി അക്ഷരത്തെറ്റുകളും പ്രയോഗപിഴവുകളും ഉള്ളതും സർക്കുലർ വ്യാജമാണ് എന്ന് തെളിയിക്കുന്ന തെളിവുകളാണ്. നീറ്റ് പരീക്ഷയുടെ സിലബസ് മാറ്റം സംബന്ധിച്ച് വ്യാജ സർക്കുലർ 2020ലും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement