കായികതാരങ്ങൾ കേരളം വിടുന്നു; അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്

Advertisement

തിരുവനന്തപുരം:
സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്ത് കായിക താരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കത്തയച്ചു. ദേശീയ ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിൾ ജംപ് താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവരാണ് കേരളം വിടുമെന്ന് പ്രഖ്യാപിച്ചത്. ഇത് സംസ്ഥാനത്തിന്റെ കായികമേഖലയെ തളർത്തുമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി

കത്തിന്റെ പൂർണരൂപം

സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്ത് കായികതാരങ്ങൾ കേരളം വിടുകയാണെന്ന വാർത്തകൾ തുടർച്ചയായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. രാജ്യാന്തര ബാഡ്മിന്റൻ താരം എച്ച്.എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവരാണ് കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളർത്തുമെന്നതിൽ സംശയമില്ല.

രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് മെഡൽ നേടിയിട്ടും കേരള സർക്കാരിൽ നിന്ന് നല്ല വാക്കോ അഭിനന്ദനമോ കായിക താരങ്ങൾക്കുണ്ടാകുന്നില്ല. സർക്കാർ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങൾ പല താരങ്ങൾക്കും ഇതുവരെ കിട്ടിയിട്ടില്ല. അഞ്ച് വർഷത്തിൽ അധികമായി ജോലിക്ക് വേണ്ടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന നിരവധി കായിക താരങ്ങളുണ്ട്.

കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടിൽ ചുവടുറപ്പിച്ച് നിൽക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങൾ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സർക്കാർ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടൻ നൽകാനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണം.

Advertisement