മുനമ്പത്ത് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി; മറ്റുള്ളവർക്കായി തിരച്ചിൽ

Advertisement

വൈപ്പിൻ (കൊച്ചി): മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പിൽ ശരത്തിന്റെ (24) മൃതദേഹമാണ് കിട്ടിയത്. മറ്റൊരാളുടെ മൃതദേഹം കൂടി കിട്ടിയെന്നു വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മാലിപ്പുറം സ്വദേശികൾ തന്നെയായ പടിഞ്ഞാറേപുരക്കൽ ഷാജി (53), ചേപ്ലത്ത് മോഹനൻ (53), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു, 56) എന്നിവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കൊടുങ്ങല്ലൂർ അഴീക്കോട് തീരത്തേയ്ക്കു കോസ്റ്റ് ഗാർഡ് പുറപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് 5നു നടന്ന അപകടത്തിന്റെ വിവരം രാത്രി ഒൻപതോടെയാണു പുറത്തറിഞ്ഞത്. ‘സമൃദ്ധി’ എന്ന മത്സ്യബന്ധന വള്ളത്തിൽനിന്ന് മീൻ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്ന് പോയ ‘നന്മ’ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 3 പേർ നീന്തി രക്ഷപ്പെട്ടു.

രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണു അപകടത്തിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തിയത്.

Advertisement