സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി; 150ലേറെ പേരെ കാണാതായി

Advertisement

സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. 150ലേറെ പേരെ കാണാതായതായി സിക്കിം സർക്കാർ അറിയിച്ചു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ചുപോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വീടിനുള്ളിലേക്ക് ഒഴുകിയെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു

റാങ്‌പോ നദി തീരത്ത് ഇന്നലെ വൈകിട്ടും സ്‌ഫോടനമുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും സൈനിക കേന്ദ്രത്തിൽ നിന്ന് വൻതോതിൽ ഒഴുകിപ്പോയ സ്‌ഫോടക വസ്തുക്കൾ ജനങ്ങൾക്ക് ഭീഷണിയാണ്. ഒഴുകിയെത്തുന്ന ആയുധങ്ങൾ സ്പർശിക്കരുതെന്ന് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സ്‌ഫോടനങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. പ്രളയം ബാധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്ക്ക് സിക്കിം സർക്കാർ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇന്ന് മുതൽ നൽകും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം മൂവായിരത്തോളം പേരെ ഇനിയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുണ്ടെന്നാണ് സർക്കാർ കണക്കുകൾ.

Advertisement