മകളുടെ പിറന്നാൾ ദിവസം 10 പെൺകുട്ടികൾക്ക് വിവാഹം; സമൂഹത്തിനു പാഠപുസ്തകമായി ബിൻസി ഡോക്ടർ

പാലക്കാട്: മനുഷ്യന്റെ ഹൃദയമിടിപ്പ് അറിയുന്നയാളാണ് ഡോക്ടർ, ഓരോ ചലനവും സ്പന്ദനവും കൃത്യമായി പറയാൻ കഴിവുള്ളവർ. മനുഷ്യനെ ഇത്രമാത്രം അടുത്തറിയാവുന്ന മറ്റൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ഉണ്ടാകില്ല.

തന്റെ സഹജീവികളെ തിരിച്ചറിയുക എന്നത് ഒരു വരദാനമാണ്. എന്റെ ജീവിതം ഒപ്പമുള്ളവർക്കും സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും കൂടി ചെലവഴിയ്ക്കേണ്ടതാണെന്ന തിരിച്ചറിവ്. ആ തിരിച്ചറിവാണ് ബിൻസിയെന്ന ഡോക്ടറുടെ കരുത്ത്. മറ്റുള്ളവർക്ക് പ്രചോദനവും പലരും ചെയ്യാത്തതും, സാധിക്കുമെങ്കിലും ചെയ്യാത്തതുമായ കാര്യങ്ങൾ ചെയ്ത് ഇന്ന് ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായി മാറിയിരിക്കുകയാണ് ബിൻസി ഡോക്ടർ. ഈയടുത്ത് ഡോക്ടർ ബിൻസി വാർത്തകളിൽ ഇടംപിടിച്ചത് സ്വന്തം കുഞ്ഞിന്റെ പിറന്നാളിനൊപ്പം പത്ത് പെൺകുട്ടികളെക്കൂടി പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ എടുത്ത തീരുമാനത്തിന്റെ പേരിലായിരുന്നു. പാലക്കാട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിൻസി പി.കെ ആണ് മകൾ ഇശൽ ഫാത്തിമയുടെ പിറന്നാൾ ദിനത്തിൽ പത്ത് പെൺകുട്ടികളുടെ വിവാഹം കൂടി ഇതേവേദിയിൽ വെച്ച് നടത്തിയത്.

ഇത് നമ്മൾ വാർത്തകളിൽ അറിഞ്ഞ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനപ്പുറം അധികമാർക്കും അറിയാത്ത, കാലങ്ങളായി ഡോക്ടറും കുടുംബവും നടത്തിവരുന്ന സന്നദ്ധപ്രവർത്തനങ്ങളുടെ വലിയൊരു ലോകമുണ്ട്. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന വിശ്വാസത്തെ മുറുകെപിടിക്കുന്നതുകൊണ്ടാകാം അതൊന്നും അധികമാരും അറിഞ്ഞിരുന്നില്ല. അറിയുന്നതിന് വേണ്ടി അവർ ഒന്നും ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം. ഡോക്ടർ ബിൻസി തന്റെ ധീരമായ തീരുമാനത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. “ എന്റെ വിവാഹവും ഇതുപോലെ ഒരു സമൂഹ വിവാഹത്തോടെയായിരുന്നു. അന്ന് എനിക്കൊപ്പം പത്ത് പെൺകുട്ടികൾ പുതിയ ജീവിതത്തിലേയ്ക്ക് ചുവടുവച്ചു. ശമ്പളത്തിൽ നിന്നും സ്വരൂപിക്കുന്ന തുകയും പിന്നെ എന്റെ കുടുംബത്തിൽ നിന്നുമുളള സാമ്പത്തിക സഹായത്താലുമാണ് ഇതൊക്കെ ചെയ്യാനാകുന്നത്. എന്റെ വാപ്പയും ഉമ്മയും ഞാനുമടങ്ങുന്ന ട്രസ്റ്റുണ്ട്. ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അത് വഴിയാണ്. “

നല്ലതെന്തും പഠിക്കാൻ ഏറ്റവും നല്ല പാഠശാല വീടകം തന്നെ. അതിന്റെ നല്ലൊരു പാഠമാണ് ഡോക്ടർ ബിൻസി. പിതാവ് തെളിച്ച കാരുണ്യത്തിന്റെ ദീപപ്രഭയിലാണ് ഡോക്ടർ വളർന്നത്. അന്ന് പിതാവ് ചെയ്യുന്ന നല്ല പ്രവർത്തികൾ ഒന്നും കൊട്ടിഘോഷിക്കപ്പെട്ടില്ല. അങ്ങനെ ആഘോഷിക്കപ്പേടേണ്ടതല്ല അതൊന്നും എന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിരുന്നു. പിതാവിന്റെ വഴിയെ മകളും നടന്നുതുടങ്ങിയപ്പോഴും ആ തീരുമാനം മാറ്റപ്പെട്ടില്ല. നിർദ്ധനരായ കുട്ടികൾക്ക് പഠനസഹായങ്ങളും, വികലാംഗർക്കു വീൽചെയറും നിർദ്ധനരായ രോഗികൾക്കു ചികിത്സാസഹായവും എല്ലാം അതിൽ ചിലതാണ്. നാട്ടിൽ തന്നെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ആരാധനാലയങ്ങളും, നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖത്താൽ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി വീടുകളും, ഈക്കാലത്തിനിടെ ഡോക്ടർ തന്റെ ആതുരസേവനത്തിനൊപ്പം നൽകിപ്പോന്നു. ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റിവെച്ചാണ് ഭൂരിഭാഗം കാര്യങ്ങളും ബിൻസി ഡോക്ടർ നടത്തുന്നത്. അങ്ങനെയാണ് ഏകമകളുടെ പിറന്നാൾ എന്തുകൊണ്ട് തന്റെ രീതിയിൽ തന്നെ നടത്തിക്കൂടാ എന്ന ചിന്തയുദിക്കുന്നത്. ഇന്ന് ഒരു കുഞ്ഞിന്റെ പിറന്നാൾ പോലും വലിയ ആഘോഷമായി പണം പൊടിയുന്ന ആർഭാടങ്ങളായി നടത്തപ്പെടുന്നു. പത്താളറിയുന്ന വലിയ പരിപാടിയായി നടത്തേണ്ട കുഞ്ഞുമോളുടെ പിറന്നാൾ പക്ഷേ ഈ അമ്മ കൊണ്ടാടാൻ തെരഞ്ഞെടുത്ത വഴി മറ്റൊന്നായിരുന്നു. പത്ത് നിർദ്ധനരായ പെൺകുട്ടികൾക്കാണ് ഡോക്ടർ ബിൻസിയും ട്രസ്റ്റും ചേർന്ന് വിവാഹം നടത്തിക്കൊടുത്തത്. ഓരോ വധുവിനും അഞ്ചുപവന്റെ സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹവസ്ത്രങ്ങളും വിരുന്നും ഇവരുടെ വകയായിരുന്നു. ആ പെൺകുട്ടികളുടെ സന്തോഷനിമിഷങ്ങൾക്കൊപ്പം മകൾ ഇശൽ തന്റെ ആറാമത്തെ പിറന്നാൾ മധുരവും നുകർന്നു.

എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് സമൂഹവിവാഹത്തിനുള്ള പെൺകുട്ടികളെ തെരഞ്ഞെടുത്തതെന്ന് മണർകാട് സ്വദേശിനിയായ ഡോക്ടർ പറയുന്നു. ഒരു ഗ്രാം പോലും സ്വർണ്ണം വാങ്ങാൻ കെൽപ്പില്ലാത്തവരും അച്ഛൻ മരിച്ച് നിർദ്ധനരായ പെൺകുട്ടികളും അതിൽപെടുന്നു. പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ മതവിഭാഗങ്ങളിലെ 10 അർഹരായ പെൺകുട്ടികൾ. ജാതിമതവ്യത്യാസമില്ലാതെയാണ് ഡോക്ടർ തന്നാലാകുന്ന സഹായങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. ബിൻസിയുടെ മാതാവ് ബുഷറ സെക്രട്ടറിയും പിതാവ് അബ്ദുൽഖാദർ ട്രഷറും ബിൻസി ചെയർപേഴ്സണുമായ നെസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യപ്രവർത്തന രംഗത്ത് സജീവമാണ്. വർഷങ്ങളായി ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നിരവധി സന്നദ്ധപ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഇതൊന്നും അങ്ങനെ ആഘോഷിക്കപ്പേടേണ്ടതോ വാർത്തയാകേണ്ടതോ ആയ കാര്യങ്ങൾ ഒന്നുമല്ലെന്ന് ഡോക്ടർ ബിൻസി പറയുന്നു. വാർത്തയാകണമെന്നോ ആക്കണമെന്നോ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പിന്നെ എങ്ങനയോ സമൂഹമാധ്യമത്തിലും ഒക്കെ വന്നതോടെ വൈറലായി മാറിയെന്നേയുള്ളു. എന്റെ വാപ്പ കാണിച്ചുതന്നത് ഞാൻ എന്റെ ജീവിതം കൊണ്ട് ചെയ്യുന്നു എന്നുമാത്രം. ഞാൻ ചെയ്യുന്നതുപോലെ ആർക്കും ചെയ്യാം. വലിയ സാമ്പത്തിക പിന്തുണ വേണ്ടാത്ത പ്രവർത്തനങ്ങൾ പറ്റുന്നവർക്കൊക്കെ ചെയ്യാം. ഒരു നേരത്തെ അന്നം നൽകുന്നതോ, ഒരു കുഞ്ഞിന് പഠിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതോ അങ്ങനെയുള്ളതൊക്കെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഇന്ന് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാനാവുന്നതാണ്. മറ്റുള്ളവർക്കായി എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം മാത്രമല്ല, നിങ്ങൾക്ക് ചുറ്റുമുള്ള ലോകവും മാറുന്നത് കാണാനാകും. സഹായ ഹസ്തം നീട്ടാൻ കാണിക്കുന്ന മനസാണ് എല്ലാവർക്കും വേണ്ടത്.ഡോക്ടറുടെ വാക്കുകളിൽ നിന്നും സഹജീവിയോട് നമ്മൾ എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്ന് വായിച്ചെടുക്കാം.

ജീവന്റെ തുടിപ്പും മിടിപ്പും തിരിച്ചറിയുന്ന, ഡോക്ടർ ബിൻസിയെപ്പോലെ ചുറ്റുമുള്ളവരെ ചേർത്തുപ്പിടിക്കാൻ കാണിക്കുന്ന മനസുള്ള മനുഷ്യർ ഇനിയുമുണ്ടാകട്ടെ ഈ ലോകത്ത്. വരും തലമുറയ്ക്കായി നമുക്ക് കരുതിവയ്ക്കാൻ ഇതുപോലെ കുറച്ച് മനുഷ്യർ മതി, ജീവിതം എത്ര സുന്ദരമാകുമെന്ന് അവരുടെ ജീവിതം കൊണ്ട് പഠിച്ചെടുക്കാം…

Advertisement