വിഴിഞ്ഞത്തേക്കുള്ള കപ്പൽ വൈകും,മുന്ദ്രയിൽപോയിട്ട് വരുമെന്ന് അദാനി,മുൻനിശ്ചയപ്രകാരം വേണമെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.നിശ്ചയിച്ചത് പോലെ നാലിന് തന്നെ ചടങ്ങ് നടത്തണമെന്നാണ് സർക്കാർ നിലപാട്. ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞത്ത് എത്താൻ വൈകുമെന്നാണ് അദാനി പറയുന്നത്.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് കേരളം. നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ വർഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ആഗസ്റ്റ് 30ന് പുറപ്പെട്ട കപ്പൽ, നാലിന് വിഴിഞ്ഞത്തക്ക് എത്താൻ സാധ്യത കുറവാണ്.വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നും, രണ്ട് യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്. ഒപ്പം ഗുജറാത്തിലെ അദാനി പോർട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും കപ്പലിലുണ്ട്. ഇപ്പോൾ ശ്രീലങ്കൻ തീരത്തുള്ള കപ്പൽ, 30ന് മുന്ദ്രയിലേക്ക് എത്തും. അവിടെ ക്രെയ്നുകൾ ഇറക്കാൻ നാല് ദിവസമെടുത്തേക്കാം.അങ്ങനെയെങ്കിൽ, പ്രതീക്ഷിച്ചത് പോലെ കപ്പലിന് നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ല.

കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗികമായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടില്ല. പക്ഷെ ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. 28ന് കപ്പലെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീടാണ് പ്രായോഗിക തടസ്സങ്ങൾ കാരണമാണ് നാലിലേക്ക് മാറ്റിയത്. അതനുസരിച്ച് വമ്പൻ പരിപാടിയും നിശ്ചയിച്ചു. ഇനി മാറ്റം വരുത്താനാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ആദ്യം വിഴിഞ്ഞത്തെത്തി, പിന്നെ കപ്പൽ മുന്ദ്രയിലേക്ക് പോകട്ടെയെന്നും സർക്കാർ പറയുന്നു.

ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥ മാറ്റങ്ങളും കപ്പലിന്റെ വരവിനെ സ്വാധീനിച്ചേക്കാം. ഇത് കൂടി മുന്നിൽകണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു.

Advertisement