നിപ്പ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് എൻഐടിയിൽ ക്ലാസ്; കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാർഥികളാണ് രംഗത്തെത്തിയത്. ആശങ്കയകറ്റണമെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകൾ തുടർന്നതോടെ വിദ്യാർഥികൾ എൻഐടി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ അല്ലാത്തതിനാൽ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ അവധി നൽകാനാവില്ലെന്നുമാണ് അധികൃതരുടെ വാദം. വിദ്യാർഥികൾ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി.

നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 23 വരെ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെ നിർദേശം ബാധകമാണ്.

Advertisement