കുഞ്ഞുമോന് കുമ്പിളില്‍ കഞ്ഞി, എല്‍ ജെ ഡിയും അകത്തിരിക്കേണ്ട

തിരുവനന്തപുരം. അഞ്ചുവട്ടം ഇടതുമുന്നണിക്കുവേണ്ടി വോട്ടുനല്‍കിയ കുന്നത്തൂരിന് മന്ത്രിസ്വപ്നം മാറ്റിപ്പിടിക്കാം പുനസംഘടനയില്‍ കൂടുതല്‍ ഘടകകക്ഷികള്‍ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നിയിക്കുമെങ്കിലും സിപിഎം പരിഗണിക്കില്ല. എല്‍.ജെ.ഡിയും ആര്‍.എസ്.പി ലെനിലിസ്റ്റുമാണ് മന്ത്രിസ്ഥാനം വേണെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടുക. ജനതാദള്‍ എസിലും എന്‍സിപിയിലും മന്ത്രിമാര്‍ മാറാനിടയില്ലെന്നാണ് സൂചന. മുന്‍ധാരണ അനുസരിച്ചുള്ള പുനസംഘടനയാണ് നടക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ നിന്ന് ഒഴിയാനുളള സന്നദ്ധത ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ രൂപീകരണഘട്ടത്തിലെ എല്‍ഡിഎഫ് ധാരണ അനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ പകുതിയോടെ കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും. എല്‍ഡിഎഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്ന കാര്യം മനസുകൊണ്ട് അംഗീകരിച്ചുകഴിഞ്ഞു ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും

എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് എല്‍ജെഡിയുടെ തീരുമാനം.കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം. കെ.കൃഷ്ണന്‍കുട്ടിയെ മാറ്റി മാത്യു ടി.തോമസിനെ മന്ത്രിയാക്കാന്‍ ജെഡിഎസിലെ ഒരുവിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും വിജയിക്കാനിടയില്ല. എന്‍.സി.പിയില്‍ തോമസ് കെ.തോമസും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ വഴങ്ങുന്നില്ല. ചുരുക്കത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയും കോണ്‍ഗ്രസ് എസും മന്ത്രിസഭയുടെ ഭാഗമാകുമെന്നതു മാത്രമാണ് ഇതുവരെ ഉറപ്പായിട്ടുള്ളത്.

Advertisement