‘പ്രതിനായിക’ എന്ന പേരിൽ ആത്മകഥയുമായി സരിത എസ്.നായർ; കവർ ചിത്രം പുറത്ത്

കൊല്ലം: സോളർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ്.നായർ. ‘പ്രതിനായിക’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ആത്മകഥയുടെ കവർചിത്രം സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായുള്ള ‘റെസ്പോൺസ് ബുക്കാ’ണ് പുസ്തകം പുറത്തിറക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട സോളർ വിവാദം ഇടവേളയ്ക്കു ശേഷം കേരള രാഷ്ട്രീയത്തിൽ വലിയ തോതിൽ ചർച്ചയാകുന്നതിനിടെയാണ് സരിതയുടെ ആത്മകഥ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് ആത്മകഥ പുറത്തിറക്കുന്ന വിവരം സരിത പരസ്യമാക്കിയത്.

‘പ്രതി നായിക’ എന്നോ ‘പ്രതിനായിക’യെന്നോ വായിക്കാവുന്ന തരത്തിലുള്ളതാണ് ആത്മകഥയുടെ കവർ ചിത്രം. ‘ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിൽ ഉണ്ടാകും’ എന്ന് സരിത കുറിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ കവർ പങ്കുവച്ച് ‘റെസ്പോൺസ് ബുക്സും’ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെ:

സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും റെസ്‌പോൺസ് ബുക്‌സിലൂടെ നിങ്ങളിലേക്ക് …

പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് രൂപകൽപ്പന ചെയ്ത കവർ… പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും

സ്‌നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ഫെയ്സ്ബുക് കുറിപ്പിലെ തുടർ പരാമർശങ്ങൾ ഇങ്ങനെ:

അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും.

ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതുവരെ പറയാൻ കഴിയാതെ പോയ പലതും. ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ.

സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യിൽ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നു.

Advertisement