രാഷ്ട്രീയ കേരളത്തിന്‍റെ പുരപ്പുറത്ത് കത്തിപ്പിടിച്ച് വീണ്ടും സോളാര്‍

തിരുവനന്തപുരം . രാഷ്ട്രീയ കേരളത്തിന്‍റെ പുരപ്പുറത്ത് കത്തിപ്പിടിച്ച് സോളാര്‍ വീണ്ടും. സോളാർ വിവാദത്തിലെ സിബിഐ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് അപ്രതീക്ഷിതമായി യുഡിഎഫ് മലക്കം മറിഞ്ഞത് ഇന്നലത്തെ കൗതുകമായെങ്കില്‍. വിവാദ ഇടനിലക്കാരനായ ടി ജി നന്ദകുമാറിന്റെയും പരാതിക്കാരിയുടെ വക്കീല്‍ ഫെനിബാലകൃഷ്ണന്‍റെയും വെളിപ്പെടുത്തലുകളിൽ ഇനി പലരും മറുപടി കണ്ടെത്തേണ്ടതുണ്ട്. സോളാര്‍ഗൂഡാലോചനയില്‍ സിപിഎം പ്രമുഖനേതാക്കള്‍ പങ്കെടുത്തു എന്നുറപ്പായപോലെ ഇതില്‍ ചില യുഡിഎഫ് നേതാക്കള്‍ താല്‍പര്യം കാട്ടിഎന്നതും ഉത്തരം കണ്ടെത്തേണ്ട ആക്ഷേപമാണ്. ആരോപണമേറ്റ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടുമില്ല. ഇതോടെ വിഷയത്തിൽ എൽഡിഎഫിന് പിന്നാലെ യുഡിഎഫും പ്രതിരോധത്തിലാണ്.

ഉമ്മൻചാണ്ടിക്കെതിരെ ഉപയോഗിക്കാൻ സോളാർ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിമാരായിരുന്ന രണ്ടു പേർ ശ്രമിച്ചുവെന്ന ടിജി നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ ഇന്നലെയാണ് പുറത്തുവന്നത്. മുൻ ആഭ്യന്തര മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ലക്ഷ്യം വച്ചായിരുന്നു പരാമർശം. ആരോപണം മണിക്കൂറുകൾക്കുള്ളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. എന്നാൽ ഇതുവരെയും പ്രതികരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായിട്ടില്ല. സാധാരണഗതിയിൽ മാധ്യമങ്ങളോട് ഉടന്‍പ്രതികരിക്കുന്ന രമേശ് ചെന്നിത്തലയുടെ മൗനം നീളുന്നത് സംശയമായി. ഇന്നലെ പക്ഷേ, ഈ പരാമർശം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പങ്കെടുത്ത പൊതു പരിപാടിയിൽ ചെന്നിത്തല സമയം ചിലവഴിച്ചത് മിനിറ്റുകൾ മാത്രം. അതിനുശേഷം നിയമസഭയിലേക്ക്. നിയമസഭാ പിരിയും വരെയും അവിടെ തുടർന്നു. രാത്രി എട്ടുമണിയോടെയാണ് സഭയിൽ നിന്ന് പുറത്തിറങ്ങിയത്. വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായതുമില്ല. വാർത്താക്കുറിപ്പിലൂടെയും വിശദീകരണം നൽകിയിട്ടില്ല. വിവാദ പരാമർത്തിൽ ചെന്നിത്തല ഇന്ന് പ്രതികരിക്കുമെന്നാണ് സൂചന. അതേസമയം സിബിഐ റിപ്പോർട്ടിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആദ്യ ദിവസത്തെ കോൺഗ്രസ് നിലപാട്. എന്നാൽ സിബിഐ അന്വേഷണം നടത്തി പൂർത്തീകരിച്ചെന്നും, ഇനി നടപടി മാത്രം എടുത്താൽ മതിയെന്നും പുതിയ വാദവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ രംഗത്തെത്തിയതും ശ്രദ്ധേയം.

നന്ദകുമാര്‍ ആഗ്രഹിച്ചത് കോണ്‍ഗ്രസിനെ കുരുക്കാനാണെങ്കിലും സിപിഎം നേതൃത്വത്തിന് എന്ത് താല്‍പര്യമുണ്ടായിരുന്നു എന്നത് വ്യക്തമായിട്ടുണ്ട്. കത്ത് സംഘടിപ്പിക്കാന്‍ താല്‍ർപര്യപ്പെട്ട വിഎസും, അതുപയോഗിക്കുന്നതില്‍ തലയാട്ടിയ പിണറായിയും പലവട്ടം നന്ദകുമാറെന്ന ദല്ലാളിനെ കണ്ടെന്നത് വ്യക്തമാണ്.

ഫെനിയുടെ ആരോപണത്തില്‍ വന്നിട്ടുള്ള ഇപി ജയരാജന്‍, സജി ചെറിയാന്‍,കെബി ഗണേഷ്കുമാര്‍,ജോസ് കെ മാണി, പരാതിക്കാരി എന്നിവരുടെ ഒക്കെ വിശദീകരണം വരാനുണ്ട്. സോളാറില്‍ പ്രതികരണം തണുത്താല്‍ ജനം ചോദ്യം ചെയ്യുമെന്നകാര്യം പുതുപ്പള്ളി തിരഞ്ഞെടുപ്പോടെ യുഡിഎഫിന് വ്യക്തമായിട്ടുമുണ്ട്.

Advertisement