ഗതാഗതക്കുരുക്കിൽ ബസ് കുടുങ്ങി, ജീവനക്കാരെ സ്റ്റേഷനിൽ വിളിപ്പിച്ച് എസ്ഐയുടെ തെറിവിളി, പരാതി

കോഴിക്കോട്: ഗതാഗതക്കുരുക്കിൽ ബസ് കുടുങ്ങിയതോടെ കസ്റ്റഡിയിലെടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ് ഐ അടിച്ചെന്ന് പരാതി. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ടാലൻറ് ബസ് ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്.ഐ അനീഷ് തെക്കേടത്ത് മർദിച്ചതായാണ് പരാതി. കഴിഞ്ഞ 22നാണ് സംഭവം.

കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസ് കൊയിലാണ്ടിയിലെത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. കൊയിലാണ്ടി മാർക്കറ്റ് പരിസരത്തെ കുരുക്കിൽപ്പെട്ടതിന് പിന്നാലെ ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടയിൽ പുറകിൽ വരികയായിരുന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിൽ ഉരസി. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ബസ് പിറ്റേ ദിവസം സ്‌റ്റേഷനിൽ ഹാജരാക്കാനും ജീവനക്കാർ സ്‌റ്റേഷനിലെത്തിക്കാനും നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച ബസ് ജീവനക്കാർ സ്‌റ്റേഷനിലെത്തിയതോടെയാണ് എസ്.ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തതതെന്നാണ് പരാതി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്കും മനുഷ്യാവകാശ കമ്മീഷൻ, പൊലീസ് ക്ലബിലടക്കം പരാതി നൽകിയെന്നാണ് ബസ് ജീവനക്കാർ വിശദമാക്കുന്നത്. എന്നാൽ സംഭവം നടന്ന അന്ന് തന്നെ ബസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ രണ്ട് ദിവസം കഴിഞ്ഞാണ് സ്‌റ്റേഷനിലെത്തിച്ചെതന്നും എസ് ഐ പ്രതികരിച്ചു.

ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾ മുമ്പും അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് നിലവിലുണ്ടെന്നും എസ്.ഐ കൂട്ടിച്ചേർത്തു.ബ്രേക്ക് ജാമായി എന്നാണ് ബസ് ജീവനക്കാർ അവകാശപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ എങ്ങനെ ആണ് ബസ് ജീവനക്കാർ കണ്ണൂര് പോയി ട്രിപ്പ് എടുക്കുകയെന്നും ജീവനക്കാർ സ്റ്റേഷനിൽ വന്ന് പ്രകോപന ശ്രമമാണ് നടത്തിയതെന്നും എസ് ഐ വിശദമാക്കുന്നു. പോക്കറ്റിൽ ക്യാമറ ഓൺ ചെയ്ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാർ വീഡിയോ ചിത്രീകരിച്ചതെന്നും എസ്ഐ പ്രതികരിച്ചു.

Advertisement