ഓണക്കാല തിരക്ക്; 26 മുതൽ ഗുരുവായൂർ ക്ഷേത്രനട ഉച്ചകഴിഞ്ഞ് നേരത്തെ തുറക്കും

തൃശൂർ: ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രനട ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ നേരത്തെ തുറക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കാനാണ് ദേവസ്വം നടപടി. ഓണാവധി തുടങ്ങുന്ന 26 മുതൽ സെപ്റ്റംബർ ആറുവരെ ക്ഷേത്രനട വൈകിട്ട് 3.30ന് തുറന്ന് ഉടൻതന്നെ ശീവേലി നടത്തി ഭക്തർക്ക് ദർശന സൗകര്യം നൽകും.

ഇതു സംബന്ധിച്ച് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നൽകിയ കത്ത് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷതവഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേ സമയം ചിങ്ങപ്പുലരിയിൽ കണ്ണനെ കണികാണാൻ വൻ ഭക്തജന തിരക്ക്. പുലർച്ചെ നിർമാല്യദർശനത്തിനായി നട തുറന്നതുമുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. തലേനാൾ രാത്രിമുതൽ ക്ഷേത്രനഗരിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലോഡ്ജുകളിൽ റും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം വിവാഹത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 40 ലധികം വിവാഹങ്ങൾ നടന്നു. ഇനിയുള്ള ഒരു മാസക്കാലം വിവാഹത്തിരക്കേറും. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കാറുള്ളത് ചിങ്ങമാസത്തിലാണ്.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഡി.ജി.പി. അജിത് കുമാർ എന്നിവർ ഇന്നലെ രാവിലെ ക്ഷേത്രദർശനം നടത്തി. നടി സീമയും ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയിൽ ഏർപ്പെടുത്തിയിരുന്നത്.

Advertisement