സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു; ആദിത്യയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

കോഴിക്കോട്: ആദിത്യ ചന്ദ്രയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബിനു പരാതി. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരാണ് പരാതി നൽകിയത്.

കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ ആദിത്യ ചന്ദ്രയെ (22) ഈ മാസം 13നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയിൽ ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പ്രതിയെന്ന് സംശയിക്കുന്ന മാവൂർ സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചതിനാലും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനാലുമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ആദിത്യയുടെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച സതീഷ് പാറന്നൂരിനെ അറിയിച്ചിരുന്നു.

മാവൂർ സ്വദേശിയായ യുവാവ് വിവാഹ വാഗ്ദാനം നൽകി ആദിത്യയുമായി വിവിധ വാടക വീടുകളിൽ ഒന്നര വർഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന്റെയും സാമ്പത്തിക പ്രശ്നത്തിന്റെയും യുവാവിന്റെ ലഹരി ഉപയോഗത്തിന്റെയും പേരിൽ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ആദിത്യ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. തൂങ്ങിമരിച്ചു നിലയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ആദിത്യചന്ദ്രയുടെ മൃതദേഹം കുടുംബത്തെയും പൊലീസിനെയും കാണിക്കാതെയാണ് മാറ്റിയത്.

മൃതദേഹത്തിന്റെ വിശദ ദേഹപരിശോധനയ്ക്ക് കുടുംബാംഗങ്ങളെ സമ്മതിക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതും ദുരൂഹത വർധിപ്പിക്കുന്നതായി പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി പറയുന്നു. മരിക്കുന്നതിനു മുൻപ് ഇരുവരും കലഹിച്ചതും ശേഷം യുവാവിന്റെ മുഖത്തും ദേഹത്തും മുറിപ്പാടുകൾ കാണപ്പെട്ടതും ആദിത്യ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മറ്റും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. മരണശേഷം സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കുന്നതിന് അവസരം നൽകാതെ ആദിത്യചന്ദ്രയുടെ മരണത്തിന് കാരണക്കാരായവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി സൗത്ത് മേഖലാ കമ്മിറ്റി കോ–ഓർഡിനേറ്റർ മണി സി.കെ പാലാഴി ആവശ്യപ്പെട്ടു.

Advertisement