ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി തലസ്ഥാന നഗരം; ആൾക്കൂട്ടമുള്ള എല്ലായിടത്തും ആദരമർപ്പിക്കാൻ അവസരം

തിരുവനന്തപുരം: തിരക്ക് ശല്യമോ അസൗകര്യമോ അല്ലന്നും ജീവിതത്തിൻ്റെ ഭാഗമാണന്നും പ്രഖ്യാപിച്ച് ജന ഹൃദയങ്ങളിലേക്ക് നടന്നു കയറിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ സ്വച്ഛതയിലേക്ക് മടങ്ങി. ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള പുഷ്പാലകൃതമായ കെ എസ് ആർ റ്റി സി യുടെ പ്രത്യേക ലോ ഫ്ലോർ ബസ് രാവിലെ 7.15 ന് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടു. കുടുംബംഗങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ബന്നി ബഹനാൻ എം പി, കെ സി ജോസഫ്, എം എം ഹസൻ, ടി.സിദ്ദിഖ് തുടങ്ങി ഒട്ടേറെ നേതാക്കൾ ബസ്സിലുണ്ട്.
വിലാപയാത്ര മുക്കാൽ മണികൂർ പിന്നിട്ട് നിയമസഭാ മന്ദിരത്തിന് മുന്നിൽ ആദരമർപ്പിക്കാൻ നിർത്തി. ഓരോ മുക്കിലും മൂലയിലും നൂറ് കണക്കിനാളുകൾ ആദരമർപ്പിക്കാൻ കാത്തു നില്ക്കുന്നു. സാവധാനമാണ് തലസ്ഥാന നഗരിയിൽ നിന്ന് വിലാപയാത്ര ഒഴുകി നീങ്ങുന്നത്. ആൾകൂട്ടമുള്ള എല്ലായിടങ്ങളിലും ആദരമർപ്പിക്കാൻ അവസരം നൽകുന്നതിനാൽ സമയക്രമീകരണൾ പാലിക്കാനാവുന്നില്ല.

53 വർഷം ജനപ്രതിനിധി എന്ന നിലയിൽ ആത്മബന്ധം സ്ഥാപിച്ച അനന്തപുരി വികാരനിർഭരമായ യാത്രാമൊഴിയാണ് ഇന്നലെ മുൻ മുഖ്യമന്ത്രിക്ക് നൽകിയത്. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിനിടെ കനത്ത മഴ പെയ്തെങ്കിലും അത് അവഗണിച്ച് കാത്ത് നിന്ന ജനക്കൂട്ടം തങ്ങളുടെ പ്രീയ നേതാവിന് ആത്മാവിൽ തൊട്ട അന്തിമോപചാരം നൽകി. പുതുപ്പള്ളി ഹൗസിലും, ദർബാർ ഹാളിലും, സെൻ്റ് ജോർജ് കത്തീഡ്രിലിലും, പാർട്ടി ആസ്ഥാനത്തുമായി ആയിരങ്ങൾ ആണ് കാലം കാത്ത നിലപാടുകളുടെ ആൾരൂപത്തെ ഒരു നോക്ക് കാണാനെത്തിയത്. സേവാദൾ ഭടൻന്മാരും, പോലീസും, പാർട്ടി നേതാക്കളും അക്ഷീണം യത്നിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Advertisement