പുതുപ്പള്ളിയിലേക്ക് ഉമ്മൻചാണ്ടിയുടെ അവസാനയാത്ര, അത്രമേൽ വേദനയിൽ കേരളം

Advertisement

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് യാത്ര തിരിച്ചു, ഉന്നത നേതാക്കളടക്കമുള്ളവർ പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ഉണ്ട്.

ജനനായകൻ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അത്രമേൽ വേദനിക്കുകയാണ് കേരളത്തിന് എന്ന് വ്യക്തമാക്കുന്നതാണ് മരണവാർത്ത അറിഞ്ഞശേഷമുള്ള ഓരോ കാഴ്ചയും. തലസ്ഥാനത്ത് അന്ത്യാഞ്ജലി അ‍ർപ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. വൻ ജനസാഗരമാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും.

ഗതാഗത നിയന്ത്രണം

അതേസമയം തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.

പുതുപ്പള്ളിയിൽ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം

  1. തെങ്ങണയിൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
  2. തെങ്ങണയിൽ നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
  3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
  4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
  5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
  6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്കൂളുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും കളക്ടർ വിവരിച്ചു.

Advertisement