ഏക സിവിൽ കോഡ്, മുസ്‌ലിം സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

കോഴിക്കോട്.ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ
ചേരുന്ന യോഗത്തിൽ 11 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും. നിയമ നടപടിക്കൊപ്പം പ്രക്ഷോഭ പരിപാടികൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.

ഏക സിവിൽ കോഡിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ വേണ്ടിയാണ് സാദിഖലി ശിഹാബ് തങ്ങൾ യോഗം വിളിച്ചത്. എപി സമസ്ത , ഇ കെ സമസ്ത , കെ എൻ എം , വിസ്ഡം , എംഇഎസ് , തബ്ലീഗ് , ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും . വിഷയം മുസ്ലിംകളുടെ മാത്രമല്ല, ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന കാര്യമാണെന്നും ഒരുമിച്ചുള്ള നീക്കമാണ് ഉണ്ടാകേണ്ടത് എന്നും മുസ്ലിംലീഗ് നേതാവ് ഡോക്ടർ എം കെ മുനീർ പറഞ്ഞു.

മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമും വ്യക്തമാക്കി. പൗരത്വ നിയമ വിഷയത്തിലും മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

Advertisement