നല്ല അനുസരണയുള്ള ‘പാമ്പ്’; നാട്ടുകാർക്ക് മുന്നിൽ ഷോയില്ലാതെ ശംഖുവരയൻറെ റസ്ക്യൂ – വീഡിയോ വൈറലാവുന്നു

ബേക്കൽ: പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ വിഷ പാമ്പിനെ അനായാസം ശാസ്ത്രീയ രീതിയിൽ പിടിക്കുന്ന യുവാവിൻറെ വീഡിയോ വൈറലാവുന്നു. കിണറ്റിന് അകത്തു നിന്നുള്ള പാമ്പിൻറെ വരവും ബാഗിലേക്കുള്ള കയറ്റവും കണ്ട് നല്ല പരിശീലനം ലഭിച്ച പാമ്പിനെയാണ് പിടികൂടുന്നതെന്ന സംശയമുണ്ടെന്ന രീതിയിലുള്ള കമൻറുകൾ കൊണ്ടാണ് വീഡിയോ വൈറലാവുന്നത്. നിരവധിപ്പേരാണ് ശാസ്ത്രീയ രീതികൾ കൃത്യമായി പിന്തുടർന്നുള്ള റെസ്ക്യൂവിന് കയ്യടിയുമായി എത്തുന്നത്.

വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരനും പാമ്പ് പിടിക്കുന്നതിന് പരിശീലനം നൽകുന്നയാളുമായ സന്തോഷാണ് വീഡിയോയിലുള്ളത്. 22 വർഷത്തോളമായി പാമ്പുകളെ രക്ഷിക്കുന്ന പ്രവർത്തനത്തിൽ സജീവമായിട്ടുള്ള വ്യക്തിയാണ് സന്തോഷ്. പാമ്പുകളെ രക്ഷപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അതിനാൽ തന്നെ എത്ര പാമ്പുകളെ പിടിച്ചുവെന്നതിൻറെ കണക്കുകൾ സൂക്ഷിക്കാറില്ലെന്നും സന്തോഷ് പറഞ്ഞു. 2013 വരെ കൈകൾ കൊണ്ട് തന്നെയായിരുന്നു താനും പാമ്പുകളെ പിടികൂടിയിരുന്നത് എന്നാൽ ഇത് ശാസ്ത്രീയ രീതിയല്ലെന്ന് മനസിലാക്കിയതോടെ ഹുക്കും ബാഗും ഉപയോഗിച്ച് പാമ്പുകളേ റസ്ക്യൂ ചെയ്യാനാരംഭിച്ചതെന്നും സന്തോഷ് പറയുന്നു. ഏകദേശം നാല് വർഷത്തിന് മുൻപാണ് ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടുത്തത്തിനുള്ള പ്രോട്ടോക്കോൾ ഇറങ്ങിയതെന്നും സന്തോഷ് പറയുന്നു.

പാമ്പിൻറെ നീക്കത്തിന് അനുസരിച്ച് ബാഗും ഹുക്കും ക്രമീകരിച്ചാൽ ആക്രമിക്കാനോ മറ്റ് പ്രശ്നങ്ങൾക്കോ നിൽക്കാതെ പാമ്പ് ബാഗിൽ കയറുമെന്നാണ് ഇതുവരെയുള്ള അനുഭവത്തിൻറെ പശ്ചാത്തലത്തിൽ സന്തോഷ് പറയുന്നത്. പാമ്പിൻറെ സ്വഭാവം അറിഞ്ഞാൽ ആർക്കും പാമ്പിനെ റെസ്ക്യൂ ചെയ്യാമെന്നും സന്തോഷ് പറയുന്നു. പാമ്പിന് മുന്നിൽ നിന്ന് ഇളകാതെ ശാന്തമായ രീതിയിൽ കൈകാര്യം ചെയ്താൽ എത്ര വിഷമുള്ള പാമ്പ് പോലും ആക്രമിക്കാൻ ശ്രമിക്കില്ല. പലരും പാമ്പിന് മുന്നിൽ വെപ്രാളം കാണിക്കുന്നതാണ് പാമ്പിനെ പ്രകോപിപ്പിക്കുന്നതും പാമ്പ് ആക്രമിക്കാനും കൊത്താനും ശ്രമിക്കുന്നതിനും കാരണമാകുന്നതെന്നും സന്തോഷ് പറയുന്നു. നിലവിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പാമ്പ് പിടുത്തത്തിൽ പരിശീലനം നൽകുന്നുണ്ട് സന്തോഷ്.

കേരളത്തിൽ വിവിധ സാഹചര്യങ്ങളിൽ കുടുങ്ങിയ പാമ്പുകളെ രക്ഷിക്കുന്ന പലരും പിന്തുടരുന്ന രീതികളേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ വ്യാപകമാണ്. ചുറ്റുമുള്ള ആളുകൾക്ക് പോലും അപകടമുണ്ടായേക്കുന്ന രീതിയിൽ കൊടിയ വിഷമുള്ള പാമ്പുകളേ പിടിക്കുന്നവരുടെ വീഡിയോകൾക്ക് ഏറെ ആരാധകർ ഉണ്ടാവുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇതിനിടെ നിശബ്ദമായി പാമ്പ് പോലും അറിയാതെ റെസ്ക്യൂ നടത്തി മടങ്ങുന്നവരും സംസ്ഥാനത്തുണ്ട്. കിണറിൽ കുടുങ്ങിയ ശംഖുവരയൻ പാമ്പിനെ രക്ഷിക്കുന്ന യുവാവിൻറെ വീഡിയോ ഇത്തരത്തിലാണ് വൈറലാവുന്നത്.

Advertisement