‘ദുബായിൽ എഞ്ചിനീയർ, ലക്ഷ്യം രണ്ടാം വിവാഹിതർ, സൈറ്റ് വഴി അടുക്കും, പറ്റിച്ച് പണം തട്ടും’; യുവാവിനെ പൊക്കി

കോഴിക്കോട്: മാട്രിമോണിയൽ സൈറ്റ് വഴി യുവതികളെ കബളിപ്പിച്ച് പണം തട്ടിയകേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്
സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലാണ് കണ്ണൂർ സ്വദേശിയായ മുഹമ്മദ് സംഷീർ (32) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും മറ്റും പൊലീസ് കണ്ടെടുത്തു.
ഗോവിന്ദപുരം സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി.

ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വിദേശ മൊബൈൽ നമ്പറിൽ നിന്ന് യുവതിയെ വാട്ട്സ്ആപ്പ് മുഖേനയും ഫോൺ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്ന് ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി സംഷീർ യുവതിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തിൽ രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മറ്റു പല യുവതികളേയും പ്രതി ഇത്തരത്തിൽ ബന്ധപ്പെട്ടു വന്നിരുന്നതായും പൊലീസ് കണ്ടെത്തി. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് അക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് ചെയ്ത് വന്നിരുന്നത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്സ് ആപ്പിലൂടെ ശേഖരിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാള്‍ പണം തട്ടിയെന്ന് പൊലീസ് പറഞ്ഞു.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തും സംഘവും രേഖകളും, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച് വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വിദേശത്തുനിന്നും തിരികെ വന്ന് ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന പ്രതിയെ നാട്ടിലെത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻമാരായ എ എസ് ഐ ജിതേഷ് കൊള്ളങ്ങോട്ട് സീനിയർ സിവിൽ പൊലീസ് ഓഫീസർമായ, രാജേഷ് ചാലിക്കര, ഫെബിൻ കെ ആർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement