ലുലുവില്‍ നിന്നും 1.5 കോടി തട്ടിയ മലയാളിയെ വിദഗ്ധമായി പിടികൂടി അബുദാബി പൊലീസ്

ദുബായ്: അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കോടികളുമായി മുങ്ങിയ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസിനെയാണ് അബുദാബി പൊലീസ് പിടികൂടിയത്. സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പ് അധികൃതര്‍ നിയാസിനെതിരെ അബുദാബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മികച്ച രീതിയുള്ള അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയാണ് തട്ടിപ്പ് നടത്തുന്നത്. സ്വന്തം സ്ഥാപനത്തില്‍ നിന്നും ആറ് ലക്ഷം യു എ ഇ ദിര്‍ഹം (1.5 കോടി ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്നാണ് നിയാസിനെതിരെ ലുലു ഗ്രൂപ്പ് അധികൃതര്‍ നല്‍കിയ പരാതി. നിയാസ് ഡ്യൂട്ടിക്ക് എത്താത്തിനെ തുടര്‍ന്നുള്ള അന്വേഷണമാണ് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാക്കിയത്.

മാര്‍ച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിയായിരുന്നു നിയാസിന് നല്‍കിയിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് വൈകീട്ട് ആയിട്ടും ഇയാള്‍ എത്താതിരുന്നതോടെ ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. ആദ്യം എന്തെങ്കിലും അപകടം സംഭവിച്ചതായിരിക്കാം എന്നത് അടക്കമുള്ള സംശയങ്ങളുണ്ടായിരുന്നു.

Advertisement