തന്റെ പേരിൽ ആരോപിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ കണ്ടിട്ട് പോലുമില്ല, കോഴ്സ് പൂര്‍ത്തീകരിച്ചിട്ടുമില്ല, കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ

തിരുവനന്തപുരം.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിശദീകരണവുമായി കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ.തന്റെ പേരിൽ ആരോപിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ കണ്ടിട്ട് പോലുമില്ലെന്നും വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അൻസിൽ പറയുന്നു.താൻ പഠിച്ചത് ബി എ ഹിന്ദി ലിറ്ററേച്ചർ ആണെന്നിരിക്കെ ചിലർ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ച കൊമേഴ്സ് സർട്ടിഫിക്കറ്റ് ആണ് പ്രചരിക്കുന്നതെന്നും അൻസിൽ പറയുന്നു.അതേസമയം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രതികരിച്ചു


വ്യാജ സർട്ടിഫിക്കറ്റിൽ KSU-വും വിവാദക്കുരുക്കിൽ എന്ന തരത്തിലാണ് അൻസീൽ ജലീലിനെതിരെ വാർത്തകൾ പടർന്നത്.ദേശാഭിമാനി പുറത്ത് വിട്ട വാർത്ത വ്യാജമായി നിർമ്മിച്ചതെന്നാണ് അൻസിൽ പറയുന്നത് .താൻ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും പിന്നെ എങ്ങനെ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും അൻസിൽ ചോദിക്കുന്നു. താന്‍ എവിടെയും ഒളിവില്‍പോകുന്നില്ല, തന്‍റെ സര്‍ട്ടിഫിക്കറ്റ് ഇറക്കിയവരെ കണ്ടെത്തണം.

എന്നാൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിച്ചത് എന്നാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പ്രതികരണം.വിഷയത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അൻസിൽ ജലീലിനെതിരായ വ്യാജസർട്ടിഫിക്കറ്റ് ആരോപണം തള്ളി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി.അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടിയത് എന്ന് ഇതുസംബന്ധിച്ച് വാർത്ത നൽകിയ ദേശാഭിമാനിയാണ് വ്യക്തമാക്കേണ്ടതെന്നും കേരളത്തിലെ ഏതെങ്കിലും കോളേജുകളിൽ ഈ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നും അലോഷ്യസ് സേവ്യർ ചോദിച്ചു.

അൻസിൽ ജലീലിൻ്റേ തായി പ്രചരിക്കുന്ന രേഖകൾ കേരള യൂണിവേഴ്സിറ്റിയുടെ അല്ലെന്ന് രജിസ്ട്രാർ സ്ഥിരീകരിച്ചിട്ടുണ്ട്.സർട്ടിഫിക്കേറ്റിൽ ഉള്ള വിസിയുടെ ഒപ്പും സീരിയൽ നമ്പറും വ്യാജമാണ്,
പരാതി നൽകിയത് യൂണിവേഴ്സിറ്റിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിനാലാണെന്നും രജിസ്ട്രാർ വ്യക്തമാക്കി.തനിക്കെതിരായ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടു അൻസിൽ ജില്ലാ പോലീസ് മേധാവിക്കും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. പത്രവാര്‍ത്തമാത്രം ആധാരമാക്കി വിസി പരാതി നല്‍കിയതും ദുരൂഹമാണ്. എസ്എഫ്ഐ നേതാവിന്‍റെ കേസിനൊപ്പം ആണ് കെഎസ്യു നേതാവിനെതിരെയുള്ള പരാതിയും പൊലീസിന് നല്‍കിയത്.

Advertisement