സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്.
സിദ്ധാര്‍ഥന്റെ മരണത്തിനെതുടര്‍ന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സിദ്ധാര്‍ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീന്‍ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേര്‍ക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം.

Advertisement