പെട്രോളടിക്കാൻ പൊലീസിന് കാശില്ല; കടം തരാൻ തയാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

തിരുവനന്തപുരം: പൊലീസ് സേന കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെ, ഇന്ധനം കടം തരാൻ തയാറുള്ള പമ്പുടമകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവികൾക്ക് കത്തു നൽകി. ഇന്ധനം സംബന്ധിച്ച വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കത്തിൽ ആവശ്യപ്പെട്ടു. അടുത്തിടെ ഒന്നരക്കോടി രൂപ കുടിശ്ശിക വന്നതിനെ തുടർന്ന് പൊലീസിനുള്ള ഇന്ധന വിതരണം ഇന്ധന കമ്പനി നിർത്തിവച്ചിരുന്നു. ഇന്ധന വിതരണത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറയുന്നു.

യൂണിറ്റിലെ ഉപയോഗ യോഗ്യമായ വാഹനങ്ങളുടെ എണ്ണം, വാഹനങ്ങളുടെ ഒരു മാസത്തെ ശരാശരി ഇന്ധന ഉപയോഗം, അതിന് ആവശ്യമായ തുക എന്നിവ നൽകാൻ കത്തിൽ നിർദേശിക്കുന്നു. ഡീസലാണോ പെട്രോളാണോ എന്നത് വേർതിരിച്ച് വ്യക്തമാക്കണം. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിവരുന്ന ഇന്ധന അഡ്വാൻസ് തുകയും 20 കിലോമീറ്റർ സഞ്ചരിച്ച് പേരൂർക്കട എസ്എപി ക്യാംപിലെ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണവും വ്യക്തമാക്കണം. തലസ്ഥാനത്തെ പൊലീസ് പമ്പ് നിലനിർത്തുന്നതിന്റെ ആവശ്യകതയും അതിലുള്ള അഭിപ്രായവും രേഖപ്പെടുത്തണം.

ഇൻഡെന്റ് നൽകി സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നതിലുള്ള അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഇന്ധനം കടമായി തരാൻ തയാറുള്ള പമ്പുടമകളുമായി കരാറിൽ ഏർപ്പെടുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ആവശ്യമായ സമയം അറിയിക്കണം. ഇന്ധന ബില്ലുകൾ സമർപ്പിക്കുന്നതിന് യൂണിറ്റിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെ എണ്ണവും ബിൽ സമർപ്പിക്കുന്നതിന് അധികമായി പൊലീസുകാരെ ആവശ്യമുണ്ടെങ്കിൽ അതും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement