ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ 80 അടി ഉയരത്തിൽ ഉള്ള വൈകുണ്ഠവും ഹനുമാനും ഉടൻ ഭക്തർക്കായി തുറന്ന് നൽകും

നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ, വലിപ്പത്തിന്റെയും പ്രത്യേകതകളുടെയും പേരിൽ രാജ്യാന്തര ബഹുമതികൾ നേടിയ ശിവ ലിംഗത്തിനു പിന്നാലെ വൈകുണ്ഠവും അതിനു മുകളിലായി ഹനുമാന്റെ രൂപവും ഒരുങ്ങുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതു ഭക്തർക്കായി തുറക്കുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.

2019 നവംബർ 1ന് ആണ് വൈകുണ്ഡത്തിന്റെ നിർമാണം തുടങ്ങിയത്. അതിന്റെ മുകളിൽ ശിവലിംഗത്തെ ബന്ധിപ്പിക്കുന്ന തരത്തിൽ ആണ്, കൈലാസ പർവതത്തെയും കൈയിൽ വഹിക്കുന്ന 64 അടി നീളമുള്ള ഹനുമാന്റെ രൂപം. ഇത് തറ നിരപ്പിൽ നിന്ന് 80 അടി ഉയരത്തിൽ ആണ്. ഇത്തരം ഒരു രൂപം ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് മഠാധിപതി പറയുന്നു.

ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി, 80 അടി ഉയരത്തിൽ ഹനുമാന്റെ സമീപം എത്തി അവിടെ നിന്നും വൈകുണ്ഡത്തിൽ പ്രവേശിക്കുന്ന രീതിയിൽ ആണ് രൂപ കൽപന. വൈകുണ്ഡത്തിനുള്ളിൽ അനന്തശയനവും അതിനു താഴെ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും കണ്ട് താഴെ ഇറങ്ങാം. അനന്തശയനം, അഷ്ട ലക്ഷ്മികൾ, ശയനഗണപതി, ബ്രഹ്മ വിഷ്ണു മഹേശ്വരൻ എന്നീ വിഗ്രഹങ്ങൾ പൂർണമായും വൈറ്റ് മാർബിളിലാണ് കൊത്തിയുണ്ടാക്കുന്നത്. രാജസ്ഥാനിലെ ജയ്‌പൂരിലാണ് വിഗ്രഹങ്ങളുടെ നിർമാണം.

Advertisement