മെഡിക്കൽ പ്രവേശനം : ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: ഈ വർഷത്തെ മെഡിക്കൽ ഡിഗ്രി, പിജി പ്രവേശനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഈ വർഷം മുതൽ മെഡിക്കൽ പ്രവേശനം പൂർണമായും കേന്ദ്രം നടത്തുമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ അറിയിക്കുകയും അതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാനം കത്തയയ്ക്കുകയും ചെയ്തിരുന്നു. മെഡിക്കൽ പിജി പ്രവേശനപരീക്ഷ കഴിഞ്ഞ സാഹചര്യത്തിൽ വൈകാതെ അഡ്മിഷൻ നടപടി തുടങ്ങണം. എന്നാൽ ഇതെങ്ങനെ ആയിരിക്കണമെന്ന കാര്യത്തിൽ ധാരണയില്ല. നിലവിൽ പകുതി സീറ്റിൽ സംസ്ഥാനവും പകുതി സീറ്റിൽ കേന്ദ്രവുമാണ് പ്രവേശനം നൽകുന്നത്.

എംബിബിഎസ്, ബിഡിഎസ് പ്രവേശനപരീക്ഷ (നീറ്റ് യുജി) വൈകാതെ നടക്കും. ഫലം വരുമ്പോഴേക്കും ആരാണു പ്രവേശനം നടത്തുന്നതെന്ന കാര്യത്തിൽ തീരുമാനമെടുക്കണം. നീറ്റിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി കേന്ദ്രം നൽകിയ സാഹചര്യത്തിൽ കേരളത്തിലും പരീക്ഷാഫലം വന്ന ശേഷം മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകും. മെഡിക്കൽ പ്രവേശന അപേക്ഷകൾ ഇതിനോടകം പ്രവേശനപരീക്ഷാ കമ്മിഷണർ സ്വീകരിച്ചിട്ടുണ്ട്. പ്രവേശനം നടത്തുന്നത് കേന്ദ്രമാണെങ്കിൽ ഇതു പാഴാകും. കേന്ദ്ര പോർട്ടലിലൂടെ അപേക്ഷ നൽകിയാണ് ഇപ്പോൾ 15% അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നടത്തുന്നത്.

മുഴുവൻ സീറ്റിലും ഇതേ രീതിയിൽ തന്നെ അവർ നടത്താനാണു സാധ്യത. കേന്ദ്രം നേരിട്ടു പ്രവേശനം നടത്തിയാൽ പരാതി അറിയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാകാം. നിലവിൽ വിദ്യാർഥിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംവരണ സീറ്റിലും ഇടുക്കിയിൽ മെറിറ്റ് സീറ്റിലുമാണു പ്രവേശനം ലഭിക്കുന്നതെങ്കിൽ തിരുവനന്തപുരത്തെ സംവരണ സീറ്റ് ഇടുക്കിയിലേക്കും ഇടുക്കിയിലെ മെറിറ്റ് സീറ്റ് തിരുവനന്തപുരത്തേക്കും മാറ്റി കുട്ടിക്ക് തിരുവനന്തപുരത്തു പ്രവേശനം നൽകും. അഖിലേന്ത്യാ അലോട്മെന്റിൽ ഇത്തരം നീക്കുപോക്ക് നടക്കില്ല. കേന്ദ്ര അലോട്മെന്റിനു സമർപ്പിക്കുന്ന രേഖകൾ കോളജിൽ എത്തുമ്പോഴാണ് പരിശോധിക്കുക. പിശക് കണ്ടെത്തിയാൽ അപ്പോഴേ അറിയൂ. പകരം രേഖ സമർപ്പിക്കാൻ ആവശ്യത്തിനു സമയം ലഭിക്കില്ലെന്നു പരാതിയുണ്ട്. അതേസമയം കേരളത്തിൽ രേഖകൾ സമർപ്പിക്കാൻ ഒരു മാസം വരെ സമയം നൽകുന്നുണ്ട്.

Advertisement