അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ ദാ ഇപ്പൊഴേ എത്തി

കാസർകോട്:അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വേനലവധിക്ക് സ്‌കൂൾ അടക്കും മുമ്പേ എത്തി. 3,90,281 പുസ്തകമാണ് കാസർകോട് ഗവ.ഹൈസ്‌കൂൾ ജില്ല ഹബ്ബിൽ എത്തിയത്. ഒമ്പത് , 10 ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ് , കന്നട മീഡിയത്തിലെ മുഴുവൻ പുസ്തകങ്ങളും ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ ചില പാഠ പുസ്തകങ്ങളും ഇതിനകം എത്തിയിട്ടുണ്ട്.

കാസർകോട് ഗവ.ഹൈസ്‌കൂൾ ജില്ല ഹബ്ബിൽ ഇനി പുസ്തകങ്ങൾ ഇറക്കാൻ മതിയായ സ്ഥലം ഇല്ലാത്തതിനാൽ അധിക മുറികൾ ആവശ്യമാണ്. ബാക്കി പുസ്തങ്ങൾ പരീക്ഷ കഴിഞ്ഞാലുടൻ ഇറക്കും. 592 സ്‌കൂളുകൾക്കായി 137 സൊസൈറ്റികളാണ് ജില്ലയിൽ പാഠപുസ്തക വിതരണത്തിനായി പ്രവർത്തിക്കുന്നത്. ചിറ്റാരിക്കാൽ, കാസർകോട് ഭാഗത്തുള്ള പുസ്തകങ്ങളുടെ തരംതിരിവുകൾ നടക്കുന്നു.

കാസർകോട് ഡി.ഇ.ഒയുടെ കീഴിൽ കാസർകോട്, മഞ്ചേശ്വരം, കുമ്പള മൂന്ന് എ.ഇ.ഒ യും കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ കീഴിൽ ചിറ്റാരിക്കൽ, ചെറുവത്തൂർ, ഹൊസ്ദുർഗ്, ബേക്കൽ നാല് എ.ഇ.ഒ യും ഉണ്ട്.

പാഠപുസ്‌ക വിതരണ ഉദ്ഘാടനം തിങ്കളാഴ്ച കാസർകോട് ഗവ.ഹൈസ്‌കൂളിൽ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഒരു സൊസൈറ്റികളുടെ പരിധിയിൽ അഞ്ച് സ്‌കൂളുകൾ ഉണ്ടാകും. ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ അടുത്ത മാസം തന്നെ വിതരണം നടത്തും. വിതരണം സൊസൈറ്റി -കുടുംബശ്രീ ശൃംഖല ഏറ്റെടുത്തതോടെ പാഠപുസ്തക ക്ഷാമം ഇല്ലാതായി.അൺ എയ്ഡഡ് സ്കൂളുകൾക്ക് മറിച്ചു വിൽപ്പനയായിരുന്നു കൃത്രിമ ക്ഷാമത്തിലെ വില്ലൻ.

Advertisement