വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലർ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്. ട്രെയിലർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്. ട്രെയിലറിന്റെ ഡ്രൈവർ ഇറങ്ങിയോടി. ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

നാല് വർഷത്തോളം എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്ന എയർ ബസ് എ 320 കലാവധി കഴിഞ്ഞതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. പൂർണമായും ഉപയോഗ ശൂന്യമായതോടെ വിമാനം ആക്രിവിൽക്കാൻ എ.ഐ. എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടർന്ന് നടത്തിയ ലേലത്തിൽ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം.

Advertisement