ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്‌സിനേഷന് കൊണ്ടുവന്നാല്‍ 500 രൂപ പാരിതോഷികം,സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്‌സിനേഷന്‍ ഡ്രൈവ്

തിരുവനന്തപുരം. സംസ്ഥാനത്ത് അപകടകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും. തെരുവ് നായ ആക്രമണത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന വ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ട് തുടങ്ങിയെങ്കിലും അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേയ്ക്കില്ല. പേവിഷബാധയെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ ഡ്രൈവിനാണ് പ്രഥമപരിഗണന നല്‍കുക. ഇതിനായി സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. സന്നദ്ധ സംഘടനകളേയും വ്യക്തികളെയും തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വാക്‌സിനേഷന്‍ ഡ്രൈവിനായി വിനിയോഗിക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്‌സിനേഷന് കൊണ്ടുവന്നാല്‍ 500 രൂപ പാരിതോഷികം നല്‍കും. നിലവില്‍ 37 എബിസി കേന്ദ്രങ്ങള്‍ തയ്യാറാണ്. 152 ബ്‌ളോക്കുകളിലേക്കും ഇത് വ്യാപിപ്പിക്കും. പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീകളെ വിലക്കിയ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ ഒരുക്കുമെന്നും ഇതിനായി എം.എല്‍.എമാരുടേയും തദ്ദേശ പ്രതിനിധികളുടേയും യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Advertisement