പട്ടി കടിച്ചാൽ ആദ്യ 15 മിനിറ്റ് വളരെ പ്രധാനമെന്ന് പറയുന്നത് ഇതാണ്

പട്ടി കടിച്ചാൽ. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് അറിയാതെ പാഴാക്കി അപകടം വിലയ്ക്കുവാങ്ങുന്നവരാണ് ഏറെ. വളരെ നിസാരമായി ചെയ്യാവുന്ന ഈ പ്രഥമ ശുശ്രൂഷക്ക് വലിയ പ്രാധാന്യമുണ്ട്.
നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.
ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. മുറിവില്‍ വെള്ളം വീഴുമ്പോഴുള്ള നീറ്റലാണ് ഇത് ചെയ്യാന്‍ മടിക്കാന്‍ പ്രധാനകാരണം. ചിലര്‍ കഴുകിയാല്‍പോലും 15 മിനിറ്റ് പലപ്രാവശ്യം എന്ന നിര്‍ദ്ദേശം പാലിക്കാറില്ല. അടഞ്ഞ മുറിവാണെങ്കില്‍ രക്തം ഞെക്കികളഞ്ഞ് മുറിവ് തുറന്ന് കഴുകാന്‍ നോക്കണം. നീറ്റലല്ല ജീവനാണ് പ്രധാനമെന്ന് മുറിവേറ്റയാളെ പറഞ്ഞ് മനസിലാക്കി മറ്റൊരാള്‍ ഇത് ചെയ്യുന്നതാണ് നല്ലത്. ഒഴുകുന്നവെള്ളത്തില്‍ അണുക്കള്‍ ഒഴുകിപ്പോകും. സോപ്പ് ഇതിന്‍റെ ഫലം പലമടങ്ങ് വര്‍ധിപ്പിക്കും.

പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്. ശരീരത്തിലെത്തുന്ന അണുക്കളുടെ എണ്ണം വളരെ കുറയുന്നത് പ്രതിരോധത്തിന് ഗുണകരമാകും. ഇതിനുശേഷം മാത്രം ആശുപത്രിയിലെത്തിക്കുക.

Advertisement