നവവധുവിനെ നിലവിളക്കിന് തലയ്ക്കടിച്ചു കൊന്നു

വര്‍ക്കല: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ തത്തംപ്പളളിയില്‍ ഉഷയുടെ മകള്‍ നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വെട്ടൂര്‍ വില്ലേജില്‍ അയന്തി ദേശത്ത് വിളയില്‍ വീട്ടില്‍ അബു എന്ന അനീഷ് (36) നെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു. സംശയരോഗമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. മൃതദേഹത്തില്‍ കഴുത്തുഞെരിച്ചതിന്റെ പാടുണ്ട്. മുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച് കെട്ടിത്തൂക്കാനും ശ്രമിച്ചിരുന്നു.
ജൂലൈ 8ന് ആയിരുന്നു ഇവര്‍ വിവാഹിതരായത്. ദുബായ് തുറമുഖത്ത് ജോലിചെയ്തിരുന്ന അനീഷ് വിവാഹ ശേഷം ഭാര്യയെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കാല്‍മുട്ടിന് ചികിത്സയ്ക്കായി ഈ മാസം ഒന്നിന് നാട്ടിലെത്തിയ ഇവര്‍ വെട്ടൂരുള്ള അനീഷിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിഖിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കൊലപാതകം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. നിഖിതയുടെ നിലവിളിയെത്തുടര്‍ന്ന് കതകുതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു.

Advertisement