26.6 C
Kollam
Thursday 22nd October, 2026 | 02:30:43 PM
Home News Breaking News ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്

ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്

കോഴിക്കോട്: ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കെഎംസിസിയിലെ അംഗങ്ങളാണ് മോഷണത്തിന് പിന്നിലെന്നും ജോലിക്കെന്ന് പറഞ്ഞാണ് തന്നെ വിദേശത്തേക്ക് കൊണ്ടുപോയതെന്നാണ് കേസില്‍ കീഴടങ്ങിയ ബിജെപി നേതാവ് ബാലകൃഷ്ണന്‍ പറയുന്നത്. ഖത്തറിലെ കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി കവര്‍ന്നെന്ന കേസില്‍ കോഴിക്കോട് പൊലീസില്‍ ഇന്നലെയാണ് ഇയാള്‍ കീഴടങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബാലകൃഷ്ണന്‍.

വിദേശത്തേക്ക് പോകുമ്പോള്‍ മോഷണത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. കെഎംസിസി അംഗങ്ങള്‍ തന്നെ ജോലി വാഗ്ദാനം ചെയ്താണ് വിദേശത്തേക്ക് കൊണ്ടുപോയതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ബാലകൃഷ്ണന്റേതായി പുറത്തു വന്ന വിഡിയോയില്‍ താനും മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളും ഖത്തറില്‍ വര്‍ക്ക് വിസയില്‍ എത്തിയതായാണ് പറയുന്നത്. വെല്‍ഡറായി ജോലി ചെയ്തിരുന്ന തന്നെ, ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ഷാജി എന്നൊരാള്‍ ബന്ധപ്പെട്ടുവെന്ന് പറയുന്നു. അവിടെ എത്തിയപ്പോള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോങ് റൂമും ലോക്കര്‍ തുറക്കാന്‍ തന്നോട് ആവശ്യപ്പെട്ടു, എന്തിനുവേണ്ടിയാണ് തങ്ങളെ അവിടെ എത്തിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണന്‍ പറയുന്നു.

സെപ്റ്റംബര്‍ 18-നാണ് ഖത്തര്‍ കെഎംസിസി ഓഫീസില്‍ വന്‍ കവര്‍ച്ച നടന്നത്. ഒരു സംഘം ആളുകള്‍ റൂം ബോയിയെ കെട്ടിയിട്ട ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോംഗ് റൂം തകര്‍ക്കുകയും പണവുമായി കടന്നുകളഞ്ഞുവെന്നാണ് കേസ്. മോഷണം നടത്തുന്നതിനായി മാത്രം നാല് പേരെ കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്നതായും, മറ്റ് രണ്ട് പേര്‍ ഇവര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള സഹായം നല്‍കിയതായുമാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിന് ശേഷം ബാലകൃഷ്ണന്‍ കേരളത്തിലേക്ക് മടങ്ങിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസന്‍, നിസാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ ഒളിവിലാണ്. എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും, മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ നിലവില്‍ വിദേശത്താണെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here