ഖത്തറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ 3 മലയാളികൾ ഉൾപ്പെടെ 5 മരണം

ദോഹ: ഖത്തറിലെ അൽഖോറിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും.

കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആൻസിയുടേയും മകൻ ഏദൻ (3) ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്‌ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും തുടർന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീഴുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തൽക്ഷണം മരിച്ചു.

ചൊവ്വാഴ്ച ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയിൽ നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയാളി സമൂഹം മോചിതരാകും മുൻപേയാണ് 5 പേരുടെ മരണം.

Advertisement