ബുൾഡോസറിൽ ബോറിസ്; പ്രതിഷേധമറിയിച്ച്‌ ബ്രിട്ടീഷ് മാധ്യമങ്ങൾ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം പ്രമാണിച്ച്‌ ഗുജറാത്തിലെ കോളനികൾ അധികൃതർ വെള്ളത്തുണി ഉപയോഗിച്ച്‌ മറച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

മാത്രമല്ല, തലസ്ഥാനമായ ഡൽഹിയിൽ മുസ്‍ലിം കടകളും വീടുകളും അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയ വാർത്തകളും കഴിഞ്ഞ ദിവസം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേന്ദ്ര സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി ഇടപെടുകയും പൊളിക്കൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബുൾഡോസർ, ജെ.സി.ബി എന്നിവ ന്യൂനപക്ഷ​ങ്ങളെ ലക്ഷ്യമാക്കി ബി.ജെ.പി സർക്കാറുകൾ പ്രയോഗിക്കുന്നതിനെതിരെയുള്ള ചർച്ചകളും രാജ്യത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ജെ.സി.ബിയിലും ബുൾഡോസറിലും ഇന്ത്യാ സന്ദർശനത്തിനിടെ ബോറിസ് ജോൺസൻ ചാടിക്കയറുന്നത്. മാറിയ സാഹചര്യത്തിൽ ഈ ചിത്രങ്ങൾ എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഹിന്ദുത്വ ഭരണകൂടത്തിനുള്ള പിന്തുണയാണ് ഇതെന്ന് ഒരു കൂട്ടർ ആരോപിച്ചപ്പോൾ ഹിന്ദുത്വ സംഘടനകൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ പ്രവർത്തനത്തെ വിമർശിച്ച്‌ പ്രമുഖ ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയൻ’ അടക്കമുള്ളവ രംഗത്തെത്തിയിരിക്കുന്നത്.

വർഗീയ കലാപം ബാധിച്ച തലസ്ഥാനത്തെ ഒരു പ്രദേശത്ത് പ്രധാനമായും മുസ്ലീം സെറ്റിൽമെന്റുകൾ തകർത്തതിനെച്ചൊല്ലി ഡൽഹിയിൽ രൂക്ഷമായ തർക്കം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതെന്നും ഈ വിഷയം ഇന്ത്യയുടെ പരമോന്നത കോടതിയുടെ പരിഗണനയിലാണെന്നും ഗാർഡിയൻ എഴുതുന്നു.
ആംനസ്റ്റി ഇന്ത്യ ട്വീറ്റ് ചെയ്തു: “ഇന്നലെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ മുസ്‌ലിംകളുടെ കടകൾ ജെ.സി.ബി ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തകർത്തതിന്റെ പശ്ചാത്തലത്തിൽ, യു.കെ പ്രധാനമന്ത്രി ഗുജറാത്തിൽ ജെ.സി.ബി ഫാക്ടറി ഉദ്ഘാടനം ചെയ്തത് അറിവില്ലായ്മ മാത്രമല്ല, അദ്ദേഹത്തിന്റെ മൗനാനുവാദവുമാണ്. സംഭവം ബധിരമാണ്”.

ചരിത്രകാരൻ അലി ഖാൻ മഹ്മൂദാബാദ് ഇങ്ങനെ കുറിച്ചു: “ഇതുപോലൊരു സമയത്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ബുൾഡോസർ ഫാക്ടറിയിൽ പോയത്! വൗ! മാലയിട്ട ബുൾഡോസറുകൾ.”

ജെ.സി.ബി ഫാക്ടറി സന്ദർശന വേളയിൽ ജോൺസൺ അതിനെ ‘യു.കെക്കും ഇന്ത്യക്കും ഇടയിലുള്ള ശ്വസിക്കുന്ന അവതാരം’ എന്ന് വിളിച്ചതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

Advertisement