വിമാനത്തിന്റെ ചെറു മാതൃകയുടെ വിൻഡ് ടണൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി നാസ

ന്യൂയോര്‌ക്ക്: നിശബ്ദ സൂപ്പർസോണിക് വിമാനത്തിന്റെ ചെറു മാതൃകയുടെ വിൻഡ് ടണൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി നാസ.

ക്ലീവ്‌ലാന്റിലുള്ള നാസയുടെ ഗ്ലെൻ റിസർച്ച്‌ സെന്ററിൽ പ്രത്യേകം നിർമിച്ച എട്ട് അടി നീളവും ആറ് അടി വീതിയുമുള്ള സൂപ്പർസോണിക് വിൻഡ് ടണലിലായിരുന്നു സൺ ഓഫ് കോൺകോഡ് എന്ന് പേരിട്ട വിമാനത്തിന്റെ ചെറുരൂപത്തിന്റെ പരീക്ഷണം നടന്നത്. നാസയും ലോക്ഹീഡ്മാർട്ടിനും ചേർന്ന് നിർമിക്കുന്ന സൺ ഓഫ് കോൺകോഡിന്റെ പൂർണ രൂപത്തിലുള്ള പരീക്ഷണം ഈ വർഷം അവസാനത്തിൽ നടക്കും.

X59 QueSST എന്നാണ് സൺ ഓഫ് കോൺകോഡിന്റെ ഔദ്യോഗിക നാമം. 2003ൽ പ്രവർത്തനം അവസാനിപ്പിച്ച ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ചിരുന്ന കോൺകോഡ് വിമാനത്തിന്റെ ഓർമകളാണ് സൺ ഓഫ് കോൺകോഡ് ഉണർത്തുന്നത്. ലണ്ടനിൽ നിന്നു ന്യൂയോർക്കിലേക്ക് മൂന്നു മണിക്കൂറിൽ പറന്നെത്താൻ സൺ ഓഫ് കോൺകോഡിന് സാധിക്കും. ശബ്ദത്തേക്കാൾ വേഗത്തിൽ 27 വർഷം പറന്ന ശേഷമാണ് കോൺകോഡ് പ്രവർത്തനം അവസാനിപ്പിച്ചത്.

യാത്രക്കിടെ ശബ്ദ വിസ്‌ഫോടനങ്ങളുണ്ടാവുന്നുവെന്ന കോൺകോഡിന്റെ പ്രധാന ന്യൂനത കൂടി പരിഹരിച്ചുകൊണ്ടാണ് സൺ ഓഫ് കോൺകോഡിന്റെ വരവ്. എൻജിൻ മുകൾഭാഗത്ത് സജ്ജമാക്കുന്ന രീതിയിലാണ് സൺ ഓഫ് കോൺകോഡിന്റെ രൂപകൽപന. മണിക്കൂറിൽ 1.4 മാക് (1,728 കിലോമീറ്റർ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ പോലും ചെറിയ ശബ്ദ മലിനീകരണം മാത്രമേ സൺ ഓഫ് കോൺകോഡ് വരുത്തുന്നുള്ളൂ. ഇതിന്റെ 30 അടി നീളമുള്ള മൂക്ക് ഭാഗം പോലും ശബ്ദമലിനീകരണം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തിൽ നിർമിച്ചിട്ടുള്ളതാണ്.

2018ലാണ് നാസയും ലോക്ഹീഡ് മാർട്ടിനും ചേർന്ന് എക്‌സ് 59 എന്ന പേരിൽ സൂപ്പർസോണിക് വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം നിർമിക്കുമെന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ചെറു മാതൃകയുടെ പരീക്ഷണം പൂർത്തിയായ വിവരം നാസ തന്നെയാണ് അറിയിച്ചത്. വിന്റ് ടണലിലെ പരീക്ഷണം ആഴ്ചകൾ നീണ്ടിരുന്നു. വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദ തരംഗങ്ങളുടെ സഞ്ചാരം പ്രത്യേക ക്യാമറകൾ വഴി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. പൂർണ രൂപത്തിൽ എക്‌സ് 59ന് 94 അടി നീളവും 29.5 അടി വീതിയും ഉണ്ടായിരിക്കും.

ആകാശത്ത് ഇടിമുഴങ്ങുമ്ബോഴുണ്ടാകുന്ന ശബ്ദത്തോളം തീവ്രമായിരുന്നു കോൺകോഡ് വിമാനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടായിരുന്ന ശബ്ദവിസ്‌ഫോടനങ്ങൾ. ഇത് വൻ നഗരങ്ങളുടെ ആകാശത്ത് വലിയ തോതിൽ ശബ്ദ മലിനീകരണം സൃഷ്ടിച്ചിരുന്നു. ഏതാണ്ട് 110 ഡെസിബെൽ തീവ്രതയുള്ള ശബ്ദമാണ് കോൺകോഡ് വിമാനങ്ങളുടെ സഞ്ചാരം വഴി സംഭവിച്ചിരുന്നത്. നിരവധി ഗുണങ്ങളുണ്ടായിരുന്നെങ്കിലും ഈ ശബ്ദമലിനീകരണമായിരുന്നു കോൺകോഡ് വിമാനങ്ങളുടെ പ്രധാന ന്യൂനതയായി വിശേഷിപ്പിക്കപ്പെട്ടതും.

അതിശക്തമായ ഇടിമുഴക്കത്തിൽ നിന്നു അയൽവാസി കതക് അടച്ചാൽ കേൾക്കുന്നത്രയും ചെറിയ ശബ്ദത്തിലേക്ക് എത്തിക്കുകയെന്നതാണ് നാസയുടെ ലക്ഷ്യം. സൺ ഓഫ് കോൺകോഡിന്റെ വരവ് സൂപ്പർസോണിക് യാത്രാവിമാനങ്ങളുടെ കാര്യത്തിൽ പുതുയുഗത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്ന സൂപ്പർസോണിക് വിമാനമാണ് എക്‌സ് 59 എന്നത് മാത്രമല്ല ഭാവിയിൽ സൂപ്പർസോണിക് വിമാനങ്ങൾ വരുത്താനിടയുള്ള ശബ്ദത്തെക്കുറിച്ചുള്ള വിവരങ്ങളും വിന്റ് ടണൽ പരീക്ഷണം വഴി ലഭിച്ചുവെന്നാണ് നാസയിലെ വിദഗ്ധർ അറിയിക്കുന്നത്.

ഏതാണ്ട് 80 വർഷങ്ങൾക്ക് മുമ്പ് ചക്ക് യേഗർ പറത്തിയ ബെൽ എക്‌സ് 1 എന്ന വിമാനമാണ് ആദ്യമായി ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ചത്. 1945ൽ നിർമിച്ച റോക്കറ്റ് എൻജിൻ ഘടിപ്പിച്ച ഈ വിമാനം 1948ലാണ് മണിക്കൂറിൽ 1600 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിച്ചത്. സൂപ്പർസോണിക് വേഗത്തിൽ സഞ്ചരിച്ച ലോകത്തെ ഏക യാത്രാവിമാനമായിരുന്നു കോൺകോഡ്. 27 വർഷം വിജയകരമായി സർവീസ് നടത്തിയ കോൺകോഡ് വിമാനങ്ങൾ 2003 ഒക്ടോബറിൽ സേവനം അവസാനിപ്പിച്ചു.

അതിന് ശേഷം ഇന്നുവരെ ലോകത്തെ ഒരു സർക്കാരുകളും വ്യോമയാന കമ്പനികളും ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന യാത്രാവിമാനമെന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്നില്ല. ഉയർന്ന ഇന്ധന ചിലവും ശബ്ദ മലിനീകരണവും ടിക്കറ്റ് നിരക്കും അടക്കം പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. സൂപ്പർസോണിക് യാത്രാവിമാനമെന്ന ലോകത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ടാണ് നാസയുടേയും ലോക്ഹീഡ് മാർട്ടിന്റേയും സംയുക്ത സംരംഭമായ സൺ ഓഫ് കോൺകോഡിന്റെ വരവ്.

Advertisement