28.5 C
Kollam
Tuesday 1st September, 2026 | 01:01:22 PM
Home News Breaking News അഫ്ഗാനിസ്ഥാനിലെ സ്ത്രീയുടെ വില,മലയാളി വനിതാ ട്രാവല്‍ വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു

അഫ്ഗാനിസ്ഥാനിലെ സ്ത്രീയുടെ വില,മലയാളി വനിതാ ട്രാവല്‍ വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ വനിതകളുടെ സാമൂഹിക പദവി സംബന്ധിച്ച മലയാളി ട്രാവല്‍ വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു. അഫ്ഗാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ ടിപിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അരുണിമയുടെ കുറിപ്പില്‍ എംഎം അക്ബര്‍ ഉള്‍പ്പെടെ നിരവധി മുസ്ലിം പണ്ഡിതര്‍ പ്രതികരണവുമായി രംഗത്തെത്തി. ഏതെങ്കിലും ഒരു രാജ്യത്തുണ്ടായ അനുഭവം വെച്ച് ഇസ്ലാമിനെ വിലയിരുത്തരുതെന്നാണ് അക്ബര്‍ അഭിപ്രായപ്പെട്ടത്.

‘ആറ് വര്‍ഷമായി ലോക പര്യടനം നടത്തുന്ന ഏകാംഗ സഞ്ചാരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരുണിമ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കണ്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സ്ത്രീ ആയതില്‍ ഖേദം തോന്നിയെന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്ത്രീകള്‍ക്ക് ആ രാജ്യത്ത് ഒരു വിലയുമില്ലെന്നും അരുണിമ അഭിപ്രായപ്പെട്ടു. ആദ്യം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടു.

‘അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് ഖേദം തോന്നുന്നു’ അരുണിമ കുറിച്ചു. തന്റെ പരാമര്‍ശം കേരളത്തില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. ‘എന്നാല്‍ എനിക്ക് അനുഭവപ്പെട്ട ശ്വാസംമുട്ടല്‍ ഞാന്‍ അറിയിക്കേണ്ടതുണ്ട്.’ അരുണിമ അഭിപ്രായപ്പെട്ടു. താന്‍ മറ്റൊരു രാജ്യത്തു നിന്നുള്ള ആളായതിനാല്‍ മുഖം വ്യക്തമാകുന്ന വസ്ത്രം ധരിക്കാന്‍ അനുവാദം തരികയായിരുന്നുവെന്നും അരുണിമ മറ്റൊരു പോസ്റ്റില്‍ കുറിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് കണ്ണല്ലാതെ, മുഖം പോലും പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ലെന്നും അരുണിമ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ ഇസ്ലാം രാജ്യമല്ലെന്നും അവിടുത്തെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഇസ്ലാമിനെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്നും, അരുണിമയുടെ കുറിപ്പിനോട് എം എം അക്ബര്‍ പ്രതികരിച്ചു. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് നിങ്ങള്‍, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും നിങ്ങള്‍ പോയിട്ടുണ്ടാകും’. അഫ്ഗാനിസ്ഥാനിലെ നിയന്ത്രണങ്ങള്‍ അവിടുത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം മൂലമാണോ എന്ന് പരിശോധിക്കണമെന്നും അക്ബര്‍ അരുണിമയോട് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ നിയന്ത്രണങ്ങളെക്കുറിച്ച് പറയുമ്പോള്‍, അവിടുത്തെ ഗോത്ര സംസ്‌കാരവും പഷ്തൂണ്‍ സാമൂഹിക ആചാരങ്ങളും കൂടി കണക്കിലെടുക്കണം. മതവിശ്വാസവും പ്രാദേശിക സംസ്‌കാരങ്ങളും പല സമൂഹങ്ങളിലും ഇടകലര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു പ്രത്യേക സാമൂഹിക ആചാരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഇതാണ് ഇസ്ലാം’ എന്ന് പറയുന്നത് ശരിയല്ലെന്നും അക്ബര്‍ പറഞ്ഞു.

കോടിക്കണക്കിന് മുസ്ലീങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും വസ്ത്രധാരണം, തൊഴില്‍, യാത്ര, സാമൂഹിക പങ്കാളിത്തം എന്നിവയില്‍ വ്യത്യാസങ്ങളുണ്ട്. ഒരു പ്രത്യേക രാജ്യത്തിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെക്കുറിച്ച് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും അക്ബര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഒരു പ്രത്യേക മതത്തെ തനിക്ക് ഇഷ്ടമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന്, ഇതിനു മറുപടിയായി അരുണിമ പറഞ്ഞു. ‘ഒരു മതവും പ്രചരിപ്പിക്കാത്ത രാജ്യങ്ങളില്‍ സന്തോഷവും സമാധാനവും നന്നായി നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അരുണിമ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here