യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ ഗതാഗത അതോറിറ്റിയുടെ സർവേ

ദുബായ് :യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റി ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന സർവേയിൽ 21,000പേരിൽ നിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് സർവേ. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ് ആർ.ടി.എയുടെ ലക്ഷ്യം. ഇതിന് വേണ്ട രീതിയിൽ ഉപഭോക്താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനാണ് സർവേ നടപടികൾ ആസൂത്രണം ചെയ് തിരിക്കുന്നതും. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആദ്യഘട്ട സർവേ പൂർത്തിയായിരുന്നു.

വീടുകളിലെത്തി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതടക്കം വിവിധ രീതികൾ സർവേക്കായി പ്രയോജനപ്പെടുത്തും. ഓൺലൈൻ സംവിധാനങ്ങൾ വഴിയും വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയടക്കം എല്ലാ മേഖലകളുടെയും നവീകരണത്തിനും വികസനത്തിനും യോജിച്ച അഭിപ്രായങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ദുബായുടെ ഭാവി ഗതാഗതത്തെ നിർണയിക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ ഉപഭോക്താക്കളുടെ സജീവ ഇടപെടലും അഭിപ്രായങ്ങളും സർവേയിലുടെ പങ്കുവെക്കണമെന്നും ആർ.ടി.എ അധികൃതർ ആവശ്യപ്പെട്ടു.

Advertisement