‘6.5 കോടി കൈകൊണ്ട് എണ്ണിത്തരണം’: ബാങ്ക് ജീവനക്കാർക്ക് ‘എട്ടിന്റെ പണി’ കൊടുത്ത് കോടീശ്വരൻ

ബെയ്ജിങ്: തന്നെ പ്രകോപിപ്പിച്ച ബാങ്ക് ജീവനക്കാർക്ക് ‘എട്ടിന്റെ പണി’ കൊടുത്ത് ചൈനീസ് കോടീശ്വരൻ. ബാങ്കിൽ നിന്ന് 6.5 കോടി രൂപ പിൻവലിച്ച അദ്ദേഹം ബാങ്ക് ജീവനക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പണം കൈകൊണ്ട് എണ്ണിതിട്ടപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. 2021ലെ കോവിഡ് സമയത്ത് ബാങ്ക് ഓഫ് ഷാങ്ഹായുടെ ഒരു ശാഖയിലാണ് സംഭവമുണ്ടായത്.

ബാങ്കിലെത്തിയ ഇദ്ദേഹം കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥനുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ, പ്രകോപിതനായി അക്കൗണ്ടിലെ അഞ്ച് ദശലക്ഷം റെൻമിൻബി (2021ലെ എക്‌സ്‌ചേഞ്ച് നിരക്കിൽ 783,000 ഡോളർ) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പണം കൈകൊണ്ട് എണ്ണിത്തരണമെന്നും പറഞ്ഞു. ബാങ്ക് ജീവനക്കാർ പണക്കെട്ടുകൾ എണ്ണുന്നതും പണം നിറച്ച സ്യൂട്ട്കേസുകളുമായി ഇയാൾ പുറത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അന്നു വൈറലായെന്നാണ് റിപ്പോർട്ട്.

കൈകൊണ്ട് പണം എണ്ണാൻ ബാങ്ക് ജീവനക്കാർക്ക് രണ്ടു മണിക്കൂറിലധികം സമയമെടുത്തതായി ഇയാൾ ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലൂടെ പ്രതികരിച്ചു. ‘ഏറ്റവും മോശം ഉപഭോക്തൃ സേവന’ത്തിന്റെ പേരിൽ, ഒരു ദിവസം തനിക്ക് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക പിൻവലിച്ചെന്നും ബാക്കിയുള്ള ദശലക്ഷക്കണക്കിന് പണം മറ്റു ബാങ്കുകളിലേക്ക് നിക്ഷേപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇയാൾ കോവിഡ് മാനദണ്ഡലങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അഭിപ്രായവ്യത്യാസമുണ്ടായതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ബാങ്ക് ഓഫ് ഷാങ്ഹായ് ചൈനീസ് മാധ്യമമായ ‘ദ് പേപ്പറിന്’ നൽകിയ പ്രസ്താവനയിൽ, ബ്രാഞ്ചിൽ പ്രവേശിക്കുമ്പോൾ ഇദ്ദേഹം മാസ്ക് ധരിച്ചിരുന്നില്ലെന്നും ഇതു തർക്കത്തിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കി.

Advertisement